കടുത്തുരുത്തി: കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങളിലും കുടിവെളളം എത്തിച്ച് കൊണ്ട് സമ്പൂർണ്ണ കുടിവെള്ള ലഭ്യതാ മണ്ഡലമായി കടുത്തുരുത്തിയെ മാറ്റിയെടുക്കാൻ കഴിഞ്ഞ 10 വർഷമായി നടത്തി വരുന്ന കർമ്മ നിരതമായ പ്രവർത്തനത്തിന്റെ തുടർച്ചയായി 100 കോടി രൂപയുടെ കുടിവെള്ള വികസന പദ്ധതികൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
കടുത്തുരുത്തി വാട്ടർ അതോറിറ്റി ഓഫീസ് സമുച്ചയത്തിലെ ജല ഭവൻ ഹാളിൽ ചേർന്ന നിയോജക മണ്ഡലം കുടിവെള്ള പദ്ധതി വികസന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 2020-ൽ തുടക്കം കുറിച്ച ജല ജീവൻ മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 41.13 കോടി രൂപയും, രണ്ടാംഘട്ടത്തിൽ 32.68 കോടി രൂപയുടെയും വികസന പദ്ധതികളാണ് കടുത്തുരുത്തി അസംബ്ളി മണ്ഡലത്തിൽ നടപ്പാക്കുന്നത്. ഇക്കാര്യങ്ങൾ രണ്ട് വർഷത്തിനകം പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.
കടുത്തുരുത്തി, കാണക്കാരി, മുളക്കുളം, ഞീഴൂർ, വെളിയന്നൂർ, കടപ്ലാമറ്റം, കിടങ്ങൂർ, മാഞ്ഞൂർ എന്നീ പഞ്ചായത്തുകളിലായി 10,000 കണക്ഷനുകൾ ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചതായി കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഇതിനായി 73.81 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിട്ടുള്ളത്.
ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് തടസ്സമായിരുന്ന എല്ലാ പ്രശ്നങ്ങളും യോഗത്തിൽ ചർച്ച ചെയ്ത് പരിഹരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫൻ ആവശ്യപ്പെട്ടത് പ്രകാരം ജല ജീവൻ മിഷനിൽ 1000 കണക്ഷനുകൾ നൽകുന്നതിന് യോഗം തീരുമാനിച്ചു. പ്രവർത്തി ആരംഭിക്കുന്നതിന് മുമ്പായി ഉഴവൂർ പഞ്ചായത്തിൽ വച്ച് എംഎൽഎ യുടെയും, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പ്രത്യേക യോഗം വിളിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റിഫൻ വ്യക്തമാക്കി. എല്ലാ ആവശ്യങ്ങളും ഈ യോഗത്തിൽ വച്ച് ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
കടുത്തുരുത്തിക്കും സമീപ വില്ലേജുകൾക്കുമുള്ള പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി ലഭിച്ചിരിക്കുന്ന കുറവിലങ്ങാട് പഞ്ചായത്തിലെ എല്ലാ വാർഡുകൾക്കും വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയിൽ 23 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് മോൻസ് ജോസഫ് അറിയിച്ചു. സർക്കാരിൽ നിന്ന് 2020- ൽ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമ്മാ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ കുറവിലങ്ങാട് പഞ്ചായത്തിൽ എംഎൽഎയുടെയും, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഉടനെ യോഗം വിളിക്കുമെന്ന് പ്രസിഡന്റ് മിനി മത്തായി വ്യക്തമാക്കി. കുറവിലങ്ങാട് കുടിവെള്ള പദ്ധതിയുടെ വിശദാംശങ്ങൾ യോഗത്തിൽ അവതരിപ്പിച്ച് ചർച്ച ചെയ്യുന്നതിന് തീരുമാനിച്ചു.
വാട്ടർ അതോറിറ്റിയുടെ പദ്ധതി കൂടാതെ വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ഗ്രാമീണ കുട്ടിവെള്ള പദ്ധതികളുടെ പൂർത്തീകരണത്തിന് അടുത്ത സാമ്പത്തിക വർഷത്തിലെ എംഎൽഎ ഫണ്ടിൽ നിന്ന് 3.20 കോടി രൂപ അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് മോൻസ് ജോസഫ് അറിയിച്ചു. ഇതു കൂടി ചേർക്കുമ്പോൾ 100 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്ന് യോഗം വിലയിരുത്തി.
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ അവശേഷിക്കുന്ന പ്രദേശങ്ങളിൽ ജലവിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും പുതിയതായി കണക്ഷനുകൾ നൽകുന്നതിനുമായി മൂന്ന് പുതിയ പദ്ധതികൾക്ക് രൂപം നൽകാൻ മോൻസ് ജോസഫ് എംഎൽഎ യുടെ സാന്നിധ്യത്തിൽ ചേർന്ന ആദ്യത്തെ അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർ നടപടികൾ യോഗം വിലയിരുത്തി. ഇതുപ്രകാരം കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി, കിടങ്ങൂർ, കടുത്തുരുത്തി, കാണക്കാരി, മുളക്കുളം, ഞീഴൂർ പഞ്ചായത്തുകളിൽ പുതിയ കണക്ഷൻ ആവശ്യമുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് വാട്ടർ അതോറിറ്റി രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി അടുത്ത അവലോകന യോഗത്തിൽ അവതരിപ്പിക്കാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ജലജീവൻ മിഷൻ പദ്ധതിയനുസരിച്ച് ഗാർഹിക കുടിവെള്ള കണക്ഷനുകൾക്ക് പുറമേ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ 237 അംഗൻവാടികൾക്കും 102 സ്കൂളുകൾക്കും കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ജലലഭ്യത ഉറപ്പാക്കിക്കൊടുക്കാൻ കഴിഞ്ഞതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
ആരോഗ്യ കേന്ദ്രങ്ങളിലേക്കും വിവിധ സർക്കാർ ഓഫീസുകളിലേക്കും സൗജന്യ വാട്ടർ കണക്ഷൻ നൽകാനുള്ള അനുമതി നിലവിലുണ്ടെന്ന് എംഎൽഎ വ്യക്തമാക്കി. ഇത് പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ടവർ മുന്നോട്ട് വരണം. ഇത്തരം സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ഓരോ പഞ്ചായത്തും ലഭ്യമാക്കുന്നതിന് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഓരോ വാർഡിലും ഇനി എത്ര വാട്ടർ കണക്ഷൻ ആവശ്യമാണെന്നതിന്റെ ലിസ്റ്റ് തയ്യാറാക്കാൻ എംഎൽഎ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇക്കാര്യങ്ങളിൽ പരിശോധിച്ച് അടിയന്തിര മറുപടി ലഭ്യമാക്കുന്നതിന് എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും നോട്ടീസ് നൽകുന്നതിന് എംഎൽഎ നിർദേശം നൽകി.
കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ വിവിധ റോഡുകളിൽ ഇടുന്നതിന് തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, സമ്പൂർണ്ണ കുടിവെള്ള ലഭ്യതാ മണ്ഡലമായി കടുത്തുരുത്തിയെ മാറ്റുന്ന പദ്ധതികൾ ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ട് കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെയും, കേരളാ വാട്ടർ അതോറിറ്റിയുടെയും
എക്സിക്യൂട്ടീവ് എഞ്ചിനീയർമാരും പ്രധാന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സംയുക്ത യോഗം അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ജൂലൈ: 14 (ബുധനാഴ്ച) രാവിലെ 10.30 ന്, കടുത്തുരുത്തി ഗവ. റെസ്റ്റ് ഹൗസിൽ ചേരുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
കേരള വാർട്ടർ അതോറിറ്റി കടുത്തുരുത്തി ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി.സ്റ്റീഫൻ, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് മെമ്പർ സ്റ്റീഫൻ പാറാവേലിൽ, വാട്ടർ അതോറിറ്റി അസ്സി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എസ് അനിൽ രാജ്, അസ്സി. എൻജിനിയർമാരായ ബാസ്റ്റിൻ ജോൺ, മഞ്ജു വേലായുധൻ, സൂര്യാ ശശിധരൻ, പ്രദീപ് മാത്യൂസ് ടോംസ്, അലൻ ലിയോൺ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.




0 Comments