കലിയിളകിയ കുറുക്കന്മാര്‍ രാമപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രാമപുരം ഗ്രാമ പഞ്ചായത്തിലെ നാലു കേന്ദ്രങ്ങളില്‍ കുറുക്കന്‍മാരുടെ അക്രമത്തില്‍ വീട്ടമ്മയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. രാമപുരം തെങ്ങുംപിള്ളില്‍ മാത്തുകുട്ടി, ഭാര്യ ജൂബി, ഏഴാച്ചേരി നെടുംപിള്ളില്‍ ജോസ്, വെള്ളിലാപ്പിള്ളി ചിറകണ്ടം നടുവിലാമാക്കല്‍ ബേബി മാത്യു എന്നിവര്‍ക്കാണ് കുറുക്കന്മാരുടെ അക്രമത്തില്‍ പരിക്കേറ്റത്. രാവിലെ ഏഴരയോടെ വീടിനു പുറത്തേക്ക് എത്തിയ തെങ്ങുംപിള്ളില്‍ മാത്തുകുട്ടി തന്റെ മുറ്റത്ത് നിന്ന കുറുക്കനെ ഓടിക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് കുറുക്കന്‍ ചാടി വീണത്. കുറുക്കന്റെ കടിയേല്‍ക്കാതിരിക്കുവാന്‍ കുതറി മാറിയെങ്കിലും വീണു പോവുകയും കുറുക്കന്റെ കടി ഏല്‍ക്കുകയുമായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയ ഭാര്യ ജൂബിക്ക് നേരെ കുറുക്കന്‍ ചാടി വീണ് കടിച്ചു. രുവരുടേയും കൈകള്‍ക്കാണ് കടിയേറ്റത്. വീടിന് പുറത്തിറങ്ങുവാന്‍ ഭയക്കേണ്ട സാഹചര്യമാണ് നില നില്‍ക്കുന്നത്. ഒറ്റയ്ക്ക് കൃഷിയിടത്തിലേക്ക് പോകാനും കഴിയാത്ത സ്ഥിതിയാണ്. വെളുപ്പിന് കുറുക്കന്മാര്‍ കൂട്ടത്തോടെ ഓരി ഇടുന്ന ശബ്ദം കേട്ടിരുന്നതായി മാത്തുകുട്ടി പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയ ഏഴാച്ചേരി സ്വദേശി നെടുംപള്ളില്‍ ജോസ് പാഞ്ഞടുത്ത കുറുക്കനെ ഓടിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാടി വന്ന് മൂക്കില്‍ കടിച്ചത്. കടിയില്‍ ആഴത്തില്‍ മുറിവേറ്റു. നടുവിലാമാക്കല്‍ ബേബിയുടെ കൈവിരലില്‍ ആഴത്തില്‍ കടിച്ചു മുറിച്ചു കവിളിലും മുറിവ് ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ്, വൈസ് പ്രസിഡണ്ട് സണ്ണി പൊരുന്നകോട്ട്, ബേബി ഉഴുത്തുവാല്‍, ടോബിന്‍ കെ.അലക്‌സ്, ജയ്‌സണ്‍ മാന്തോട്ടം, ടോം വളവനാട്ട്, ബിനോയി ചെറു നിലം എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമം ഉണ്ടായ വിവരവും ജില്ലാ ഭരണകൂടത്തേയും, വനംവകുപ്പിനേയും അറിയിച്ചിട്ടുണ്ട്. നടപടി സ്വീകരിക്കുവാന്‍ വൈകുന്ന പക്ഷം വന്യജീവികളെ തുരത്തുവാന്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് ഇടപെടല്‍ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷും, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നകോട്ടും അറിയിച്ചു. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചിലവുകളും വനം വകുപ്പ് ഏറ്റെടുത്ത് ധനസഹായം അനുവദിക്കണമെന്നും കര്‍ഷക യൂണിയന്‍ നേതാവ് ബേബി ഉഴുത്തുവാലും, കേരള കോണ്‍' (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിന്‍ കെ.അലക്‌സും ആവശ്യപ്പെട്ടു.





0 Comments