ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ അന്യാധീനപ്പെട്ടുപോയ ഭൂമിയും, കയ്യേറ്റ ഭൂമികളും തിരികെ പിടിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്നതും ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയിരുന്ന രാജാക്കന്മാര്‍ക്ക് വിശ്രമിക്കുന്നതിന് ഉപയോഗപ്പെടുത്തിയിരുന്നതുമായ സത്രവും  അനുബന്ധ ഭൂമികളും ക്ഷേത്ര വികസനത്തിനായി ഉപയോഗപ്പെടുത്താന്‍  തിരികെ പിടിക്കണമെന്ന്  മുതിര്‍ന്ന ബിജെപി നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ക്ഷേത്ര ഭൂമിയായ  കോവില്‍ പാടം റോഡില്‍ വ്യാപാര ഭവന്‍  അടക്കം ഭൂമി കയ്യേറിയതായും ഇലക്ഷന്‍ കമ്മീഷന്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന ഡിപ്പോ ആയി ഉപയോഗിക്കുന്ന സത്രവും ഭൂമിയും  അടക്കമുള്ളവ  തിരികെ ലഭിക്കുവാന്‍ അടിയന്തര നടപടി വേണമെന്നും, ആവശ്യമുയര്‍ന്നു. കൈയേറിയ ഭൂമി, ക്ഷേത്രത്തിനും ദേവസ്വം ബോര്‍ഡിനും തിരികെ ലഭിക്കുന്നതിനായി ഹൈക്കോടതിയില്‍ കേസുകള്‍ നടത്തി അനുകൂല ഉത്തരവ് നേടിയിട്ടും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും  അനുബന്ധ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന്, ശ്രീമഹാദേവ സാംസ്‌കാരിക സമിതി സെക്രട്ടറിയും , ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതി മുന്‍ സെക്രട്ടറിയുമായ കെ. എന്‍.ശ്രീകുമാറും പറഞ്ഞു. ബിജെപി നേതാക്കളായ ഷിന്‍ ഗോപാല്‍, മഹേഷ് രാഘവന്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ കയ്യേറ്റ ഭൂമികള്‍ സന്ദര്‍ശിച്ചു. ഭൂമി തിരിച്ചു പിടിക്കുവാന്‍ ദേവസ്വം ബോര്‍ഡ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വിവിധ ഹൈന്ദവ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രതിഷേധ സമരങ്ങളും പ്രതിരോധ നടപടികളും സ്വീകരിക്കുമെന്ന് ഏറ്റുമാനൂര്‍  രാധാകൃഷ്ണന്‍ പറഞ്ഞു.