കാണക്കാരി പഞ്ചായത്തിലെ അഗതികള്‍ക്കും, അശരണര്‍ക്കും, രോഗികള്‍ക്കും, വയോജനങ്ങള്‍ക്കും  കരുതലും  കാരുണ്യ സ്പര്‍ശവുമായി കൃപാ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തന സജ്ജമാകുന്നു. സുമനസ്സുകളായ മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയില്‍ രൂപം കൊണ്ട  കൃപ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം ഓഗസ്റ്റ് 15-ന് ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ 11 -ന് കാണക്കാരി എന്‍.എസ്.എസ്. കരയോഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ കൃപ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് റോങ്ക്‌ളിന്‍ ജോണ്‍ അധ്യക്ഷനായിരിക്കും.  നവജീവന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.യു തോമസ് മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് 100 നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. അര്‍ഹരായ അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മരുന്നുകളും മറ്റു സഹായങ്ങളും നല്‍കും.  സമീപ ഭാവിയില്‍ തന്നെ സൊസെറ്റി ആംബുലന്‍സ് സര്‍വീസ്, വയോജനങ്ങള്‍ക്കായി പകല്‍ വീട് തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കമിടുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍  പറഞ്ഞു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് റോങ്ക്‌ളിന്‍ ജോണ്‍, വൈസ് പ്രസിഡന്റ് ഡോ. ഡൊമിനിക് മാത്യു പല്ലാട്ട്, സെക്രട്ടറി  കെ.കെ.ഗോപിനാഥന്‍, ഡോ എം.എന്‍.വിജയന്‍, കെ.കെ.ഷാജി എന്നിവര്‍ പങ്കെടുത്തു.