കോതനല്ലൂര്‍ ബാറില്‍ വച്ച് യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി വെമ്പള്ളി ചുമടുതാങ്ങിയില്‍ വിഷ്ണു രാഘവന്‍ (28), കടുത്തുരുത്തി മങ്ങാട്ടുകാവ് പട്ടായില്‍ സ്റ്റെബിന്‍ ജോണ്‍ (26) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് ഒമ്പതാം തീയതി രാത്രി 8:30 മണിയോടുകൂടി കോതനല്ലൂര്‍ പ്രവര്‍ത്തിക്കുന്ന വിജയാ പാര്‍ക്ക് ബാറിന് ഉള്ളിലും, തുടര്‍ന്ന് പാര്‍ക്കിംഗ് ഗ്രൗണ്ടിലും വച്ച് അതിരമ്പുഴ സ്വദേശിയായ യുവാവിനെയും,സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് തൊട്ട് മുമ്പ് രാത്രി എട്ടുമണിയോടുകൂടി കോതനെല്ലൂര്‍ പ്രവര്‍ത്തിക്കുന്ന എസ്സാര്‍ പമ്പില്‍ വച്ച് അവിടെയെത്തിയ രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടിയതിനെ ചൊല്ലി ഇവര്‍ക്കിടയില്‍ വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വിഷ്ണുവിനും, സ്റ്റെബിനും ഇവരോട് വിരോധം നിലനിന്നിരുന്നു. പിന്നീട് ബാറില്‍ വച്ച് യുവാക്കളെ കണ്ട ഇവര്‍ സോഡാ കുപ്പി ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഹോസ്പിറ്റലില്‍ പോകാനായി വെളിയിലിറങ്ങിയ യുവാക്കളെ ഇവര്‍ പിന്തുടര്‍ന്ന് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ചും ആക്രമിച്ചു. പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു. വിഷ്ണുവിന് ഏറ്റുമാനൂര്‍, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിലും, സ്റ്റെബിന് കടുത്തുരുത്തിയിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷന്‍ എസ്.എച്ച്.ഒ സജീവ് ചെറിയാന്‍, എസ്.ഐ ജയകുമാര്‍ കെ.ജി സജിമോന്‍ എസ്.കെ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.





0 Comments