ചന്ദ്രയാന്‍ ദൗത്യത്തിന് നേതൃത്വം നല്‍കിയ  ISRO സംഘത്തിലെ ശാസ്ത്രജ്ഞരായ  റ്റി.ആര്‍ ഹരിദാസും, ഭാര്യ ആനന്ദവല്ലിയും ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ചന്ദ്രയാന്‍-3 യുടെ  നാവിഗേഷന്‍ സിസ്റ്റം നിര്‍മ്മിച്ചു നല്‍കിയ ഐ.എസ്.ആര്‍.ഒ. തിരുവനന്തപുരം യൂണിറ്റിലെ ഡപ്യൂട്ടി ഡയറക്ടറാണ് കുമ്മണ്ണൂര്‍ സ്വദേശിയായ റ്റി.ആര്‍ ഹരിദാസ്. ISRO ഇനേര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റിലെ ഗ്രൂപ്പ് ഡയറക്ടറാണ് ആനന്ദവല്ലി. എല്ലാ ശാസ്ത്ര നേട്ടങ്ങളുടെയും പരീക്ഷണങ്ങളുടെയും കാര്യത്തില്‍ ഭക്തിപരമായ വിശ്വാസം തികച്ചും വ്യക്തിപരമായിതന്നെ കടന്നുവരാറുണ്ടെന്നും റ്റി.ആര്‍ ഹരിദാസ് പറഞ്ഞു. വിശ്വാസവും ശാസ്ത്രവും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകശാസ്ത്രത്തിന് മുന്നില്‍ ഭാരതത്തിന് എന്നും തലയുയര്‍ത്തി നില്‍ക്കാന്‍ ചന്ദ്രയാന്‍-3 ന്റെ വിജയം കാരണമായിട്ടുണ്ടെന്നും ടി.ആര്‍. ഹരിദാസ് ചൂണ്ടിക്കാട്ടി. കാവിന്‍പുറം ഉമാമഹേശ്വര  ക്ഷേത്രത്തിലെത്തി ടി.ആര്‍. ഹരിദാസും,  ഭാര്യ ആനന്ദവല്ലിയും വിശേഷാല്‍ നവഗ്രഹപൂജയും നടത്തി. മേല്‍ശാന്തി ഇടമന രാജേഷ് വാസുദേവന്‍ നമ്പൂതിരി ഇരുവര്‍ക്കും പ്രസാദം നല്‍കി. കാവിന്‍പുറം ദേവസ്വം ഭാരവാഹികള്‍ ഇരുവരെയും പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. ദേവസ്വം  പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍, സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, കമ്മറ്റി അംഗങ്ങളായ ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, സുരേഷ് ലക്ഷ്മിനിവാസ്, പ്രസന്നന്‍ കാട്ടുകുന്നത്ത്, ഗോപകുമാര്‍, ആര്‍. സുനില്‍കുമാര്‍, ഉമാ വിക്രമന്‍, ശ്രീജാ സുനില്‍  തുടങ്ങിയവര്‍ ചേര്‍ന്നാണ്  ശാസ്ത്രജ്ഞ ദമ്പതികളെ സ്വീകരിച്ചത്. അര മണിക്കൂറോളം ക്ഷേത്ര സന്നിധിയില്‍ ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.