കോതനല്ലൂരിലെ വനിതകളെ കബളിപ്പിച്ച് നടത്തിയ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് നിയമ സംരക്ഷണ ജനകീയ സമിതിയുടെ  ആഭിമുഖ്യത്തില്‍  പ്രതിഷേധ മാര്‍ച്ചും ജനസഭയും നടത്തി.  കോതനല്ലൂര്‍ വനിതാ സഹകരണ ബാങ്ക്, കുറുപ്പന്തറ കേരളാ ഗ്രാമീണ്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് വനിതകളുടെ ഗ്രൂപ്പ് ലോണ്‍ മുഖാന്തരം വനിതകള്‍ അറിയാതെ കോടികളുടെ ലോണ്‍ തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കുന്ന കടുത്തുരുത്തി പോലീസിനെതിരെയായിരുന്നു പ്രതിഷേധം.  193 വനിതകളാണ് തട്ടിപ്പിന് ഇരയായത് പ്രതിഷേധ  മാര്‍ച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി ജെ തോമസ് ഉദ്ഘാടനം ചെയ്തു തുടര്‍ന്ന് നടന്ന യോഗം ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സിന്ധു ദിവാകരന്‍, പ്രവീണ്‍ പി ജെയിംസ് , വിന്‍സെന്റ് ചിറയില്‍ , ഗോപന്‍ മാഞ്ഞൂര്‍ , കുഞ്ഞുമോന്‍ പുളിക്കല്‍ , ഷീല സുകുമാരന്‍ , ഗീതമ്മ .സി ജെ,  തങ്കച്ചന്‍, അശ്വതി എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു .എടുക്കാത്ത വായ്പയ്ക്കു തിരിച്ചടവു നോട്ടിസ് വന്നതിനെതിരെ കൂടുതല്‍ വനിതകള്‍ പരാതിയുമായി രംഗത്ത് എത്തി.  കോതനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കടുത്തുരുത്തി ബ്ലോക്ക് വനിതാ സഹകരണ സംഘത്തില്‍ നിന്നു വായ്പ എടുക്കുകയോ തുക വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് 50 വനിതകള്‍ സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാര്‍ ഓഫിസിലെത്തി എഴുതി നല്‍കിയിരുന്നു. വനിതകളുടെ പരാതിയില്‍ വിശദമായ പരിശോധന നടക്കുന്നതായും കൃത്യമായ കണക്കുകള്‍ ഇതിനു ശേഷമേ ലഭിക്കൂവെന്നും സഹകരണ വകുപ്പ് അധികൃതര്‍ അറിയിച്ചു. വായ്പക്കുടിശിക നോട്ടിസ് ലഭിച്ചിരിക്കുന്നവര്‍ ഭൂരിഭാഗവും തൊഴിലുറപ്പു തൊഴിലാളികളും കുടുംബശ്രീ  അംഗങ്ങളുമാണ് .വനിതകളുടെ പേരില്‍ വ്യാജ രേഖ ചമച്ച്  കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നേതാവും മുന്‍ ഗ്രാമ പഞ്ചായത്തംഗവുമായ സൂസന്‍ ഗര്‍വ്വാസീസ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് പരാതി. പല ലോണുകളുടെയും തിരിച്ചടവ്  മുടങ്ങിയതോടെ ബാങ്കുകളില്‍ നിന്ന് തോട്ടീസ് എത്തിയപ്പോഴാണ് പലരും തട്ടിപ്പിനിരയായ വീവരം അറിഞ്ഞത്.  തൊഴിലുറപ്പ്  തൊഴിലാളികളുടെ അക്കൗണ്ടില്‍ എത്തിയ വേതനം പോലും പലര്‍ക്കും കിട്ടാത്ത അവസ്ഥയിലാണ് തട്ടിപ്പിന് ഇര ആയവര്‍ ജനകീയ സമിതി രൂപീകരിച്ച്  പോലീസ് മേധാവി, സഹകരണ വകുപ്പ് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലന്നാണ് ആക്ഷേപം. പോലീസ് പ്രതിയെ സഹായിച്ച നിലപാട് സ്വീകരിച്ചതോടെ നിയമ സംരക്ഷണ ജനകീയ സമിതി ഭാരവാഹികള്‍  ചേര്‍ന്ന് ഇ ഡി ക്ക് പരാതിനല്‍കിയിരുന്നു.