ലോകത്തിന് താങ്ങും തണലും ആകുവാന്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ഭാരതം പുതിയ മുന്നേറ്റങ്ങളുടെ പാതയില്‍ ആണെന്നും ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. മറ്റു രാജ്യങ്ങളെ കീഴ്‌പ്പെടുത്തുവാനുള്ള യുദ്ധം രാജ്യം ഒരിക്കല്‍പോലും നടത്തിയിട്ടില്ലെന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യവും വിലമതിക്കുന്ന രാജ്യമാണ് ഭാരതം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴ നരസിംഹസ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഗോവ ഗവര്‍ണര്‍. കേരളത്തിലെ ഏക സ്വയംഭൂ നരസിംഹസ്വാമി ക്ഷേത്രമായ കോഴ നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ ചരിത്ര വഴികളുടെ പ്രാധാന്യവും ഗവര്‍ണര്‍ വിശദീകരിച്ചു.
യോഗത്തില്‍ ജയന്തി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ജി.പ്രകാശ് അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യന്‍, പഞ്ചായത്ത് അംഗം സന്ധ്യ സജികുമാര്‍, ടെമ്പിള്‍ അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റി പ്രസിഡന്റ് ജയേഷ് പഞ്ചമി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടന ദിനത്തില്‍ രാവിലെ എട്ടുമണിമുതല്‍ കൊടുങ്ങൂര്‍ സരസ്വതി അമ്മ ടീച്ചറും സംഘവും നാരായണീയ പാരായണം നടത്തി. അക്ഷയതൃതീയ ദിനത്തിലാണ് നരസിംഹ ജയന്തി ആഘോഷ ആരംഭം. മുപ്പതാം തീയതി വൈകിട്ട് 5 30 മുതല്‍ ദശാവതാരം ചന്ദനം ചേര്‍ത്ത് ദര്‍ശനം ആരംഭിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മെയ് 3 മുതല്‍ പൈതൃക രത്‌നം ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യ ആചാര്യനായി ശ്രീമദ് ഭാഗവത സപ്താഹം നടക്കും. നരസിംഹ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ദിവസവും രാത്രി 7 മണിക്ക് വിവിധ കലാപരിപാടികള്‍ അരങ്ങേറും.. ഒന്നാം തീയതി വൈകിട്ട് 9ന് ഗംഗാ തരംഗം ഗംഗ ശശിധരനും സംഘവും അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍ ഉണ്ടായിരിക്കും. നരസിംഹ ജയന്തി ദിനമായ 11ന് രാവിലെ ഏഴു മുതല്‍ കദളിക്കുല സമര്‍പ്പണം, ഏഴ് 15 മുതല്‍ കേരളത്തിലെ പ്രമുഖരായ സംഗീത വാദ്യ കലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം തുടര്‍ന്ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന മാനസ ജപ ലഹരി, 12 മുതല്‍ ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തുന്ന ലക്ഷ്മി നരസിംഹ പൂജ ദര്‍ശനം, ഒരുമണി മുതല്‍ നരസിംഹ സ്വാമിയുടെ പിറന്നാള്‍ സദ്യ എന്നിവ നടക്കും.
0 Comments