അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള പോളിയോ തുളളിമരുന്ന് വിതരണം ഞായറാഴ്ച നടക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ മുഖ്യാതിഥിയായിരിക്കും. കോട്ടയം നഗരസഭ അധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍ ദിനാചരണ സന്ദേശം നല്‍കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സാം സാവിയോ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലയില്‍ 85277 കുട്ടികള്‍ക്കാണ് പോളിയോ വാക്‌സിന്‍ നല്‍കുന്നത്. 1122 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 35 ട്രാന്‍സിറ്റ് ബൂത്തുകളും 4 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചു വയസുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഞായറാഴ്ച പോളിയോ നല്‍കേണ്ടതാണ്. സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പോളിയോ ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കും. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളി ക്യാമ്പുകളിലെ മൊബൈല്‍ ബൂത്തുകളും നവംബര്‍ 22, 23, 24 തീയതികളില്‍ പ്രവര്‍ത്തിക്കും. നവംബര്‍ 23, 24. തീയതികളില്‍ വോളണ്ടിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് നവംബര്‍ 22ന് തുള്ളിമരുന്ന് നല്‍കാന്‍ കഴിയാത്ത കുഞ്ഞുങ്ങളടക്കം അഞ്ച് വയസ്സില്‍ താഴെയുള്ള എല്ലാവര്‍ക്കും തുള്ളിമരുന്ന് ലഭിച്ചെന്ന് ഉറപ്പാക്കും.





0 അഭിപ്രായങ്ങള്‍