അര്‍ച്ചന വിമന്‍സ് സെന്ററിന്റേയും, ജ്യോതി ജീവപൂര്‍ണ ട്രസ്റ്റിന്റേയും ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ വനിതാ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നു. സ്ത്രീ ശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ നിര്‍മാണ മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കിയ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് സഹകരണസംഘം രൂപീകരിക്കുന്നത്. ഭവന നിര്‍മാണം, ചെറുകിട ജലസേചന പദ്ധതി നിര്‍മാണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കരാര്‍ ജോലികള്‍ തുടങ്ങിയവ ഏറ്റെടുത്ത് നടത്തുകയാണ് വനിതാ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സഹകരണസംഘത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. രാവിലെ 11ന് വെട്ടിമുകള്‍ ജ്യോതി ജീവപൂര്‍ണ ട്രസ്റ്റ് അര്‍ച്ചന വിമന്‍സ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ സംഘം പ്രസിഡന്റ് ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷയായിരിക്കും. ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി നിര്‍വ്വഹിക്കും. ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാള്‍ റവ ഡോ തോമസ് പാടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. വ്യാപാരി വ്യവസായി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.എസ് ബിജു, സഹകരണ സംഘം യൂണിയന്‍ ചെയര്‍മാന്‍ കെ.എം രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍, നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സഹകരണസംഘം ഭാരവാഹികളായ ത്രേസ്യാമ്മ മാത്യു, ആര്യാമോള്‍ പി.എ, ജെയിനമ്മ സെബാസ്റ്റ്യന്‍, ആനി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments