പെട്രോള്‍ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ തേനാകര വീട്ടില്‍ ഷിന്റോ, ഏറ്റുമാനൂര്‍ കട്ടച്ചിറ ഷട്ടര്‍ കവല ഭാഗത്ത് തമ്പേമഠത്തില്‍ വീട്ടില്‍ ഷാലു , മുട്ടുചിറ ആയാംകുടി നാല് സെന്റ് കോളനി ഭാഗത്ത് പരിയത്താനം വീട്ടില്‍ രതീഷ്, ഏറ്റുമാനൂര്‍ പുന്നത്തറ ഭാഗത്ത് ചെറ്റയില്‍ വീട്ടില്‍ സുധീഷ് എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് കഴിഞ്ഞ ദിവസം വെളുപ്പിനെ ഏറ്റുമാനൂര്‍ കിസ്മത്ത് പടി ഭാഗത്തുള്ള പൊന്‍മാങ്കല്‍ പമ്പിലെ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പമ്പില്‍ എത്തിയ ഇവരുടെ സുഹൃത്ത് ജീവനക്കാരനോട് പണം നല്‍കാതെ വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ പറഞ്ഞതിനെ ജീവനക്കാരന്‍ എതിര്‍ത്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇയാള്‍ തിരിച്ചുപോയി സുഹൃത്തുക്കളുമായെത്തി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ഇവര്‍ സംഘം ചേര്‍ന്ന് ജീവനക്കാരനെ മര്‍ദ്ദിക്കുകയും കമ്പി വടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ആക്രമണത്തില്‍ ജീവനക്കാരന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇവരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്.ഐ മാരായ ബിജു വി.കെ, സുരേഷ്, സി.പി.ഓ മാരായ ഡെന്നി പി.ജോയ്, അനീഷ് വി.കെ, സെയ്ഫുദ്ദീന്‍, സജി, ലെനിഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഷിന്റോ,സുധീഷ് എന്നിവര്‍ക്ക് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു. മറ്റു പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കി
0 Comments