കോട്ടയത്ത് എന്റെ കേരളം വേദിയില്‍ അങ്കണവാടി ജീവനക്കാരുടെ സംഗമം അവരുടെ അര്‍പ്പണബോധത്തിന്റെ പ്രകാശനവേദിയായി. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന സംഗമം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സാമൂഹിക പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് അങ്കണവാടി പ്രവര്‍ത്തകരെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് അവര്‍ സമൂഹത്തിനാകെ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലത്തിലെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം എന്നത് യാഥാര്‍ഥ്യത്തിലേക്ക് എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുഴുവന്‍ അങ്കണവാടികളിലും മിക്‌സി ലഭ്യമാക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കാന്‍ പോകുകയാണെന്ന് അവര്‍ പറഞ്ഞു.
സ്ത്രീശാക്തീകരണത്തിന്റയും തുല്യത വീട്ടില്‍ നിന്നും തുടങ്ങട്ടെ എന്ന് സന്ദേശവും നല്‍കികൊണ്ട് ജില്ലയിലെ ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലുള്ള സൈക്കോ സോഷ്യല്‍ കൗണ്‍സിലേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന മൈം ശ്രദ്ധേയമായി . സംസ്ഥാനത്തലത്തില്‍ മികച്ച അങ്കണവാടി, ഹെല്‍പ്പര്‍,വര്‍ക്കര്‍ , ഉജ്ജ്വലബാല്യ പുരസ്‌കാരം നേടിയവരെ ചടങ്ങില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അനുമോദിച്ചു. തുടര്‍ന്ന് വിവിധ ഐ.സി.ഡി.എസുകള്‍ക്ക് കീഴിലുള്ള അങ്കണവാടി കുട്ടികളുടെയും സ്‌കൂള്‍ കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. ജില്ലാ വനിതാ ശിശുവികസന പദ്ധതി ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ജില്ലാതല ഐ.സി.ഡി.എസ് സെല്‍പ്രോഗ്രാം ഓഫീസര്‍ റേച്ചല്‍ ഡേവിഡ്, ശിശു സംരക്ഷണ ഓഫീസര്‍ സി.ജെ. ബീന, വനിതാ സംരക്ഷണ ഓഫീസര്‍ വി.എസ്. 1 ലൈജു, ജില്ലാ വനിത ശിശു വികസന ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജി.സ്വപ്നമോള്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments