ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെയും, കന്യാസ്ത്രീകളെയും അക്രമിച്ചു. രണ്ട് മലയാളി വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും എഴുപതോളം ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്ആക്രമിച്ചത്. ഒഡീഷയിലെ ജലേശ്വര്‍ ജില്ലയിലെ ഗംഗാധര്‍ ഗ്രാമത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാദര്‍ ലിജോ നിരപ്പേല്‍, ഫാദര്‍ വി.ജോജോ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കുറവിലങ്ങാട് സ്വദേശിയാണ് ഫാദര്‍ ലിജോ. മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു അക്രമമെന്ന് ഫാദര്‍ ലിജോയുടെ പിതാവ് ജോര്‍ജ് കുറവിലങ്ങാട്ടെ വസതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വൈദികരും കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരുമാണ് രണ്ട് വീടുകളില്‍ എത്തിയത്. ആരാധന കഴിഞ്ഞ് തിരികെ നടക്കുന്ന സമയത്ത് 70 ഓളം വരുന്ന ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ വൈദികരെയും കൂടെ ഉണ്ടായിരുന്ന സഹായിയേയും മര്‍ദിക്കുകയായിരുന്നു. ഫാ.ലിജോ നിരപ്പേലിനും ഫാദര്‍ വി.ജോജോയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റു. രണ്ടു വൈദികരുടേയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ക്ക്, കേടുവരുത്തുകയും ചെയ്തു. ആക്രമണസമയത്ത് പോലീസ് എത്തിയെങ്കിലും അവരെ അടുപ്പിക്കാന്‍ അക്രമികള്‍ തയ്യാറായില്ല. പിന്നീട് ചോദ്യം ചെയ്യാനാണെന്ന് പറഞ്ഞാണ് പോലീസ് വൈദികരെ അവിടെനിന്ന് രക്ഷപ്പെടുത്തിയത്. ഫാദര്‍ ലിജോ നിലവില്‍ അവിടെ സുരക്ഷിതനാണെന്നും, സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കി പരാതി നല്‍കുമെന്നും സഹോദരന്‍ അറിയിച്ചു. രാജ്യത്ത് മിഷനറിമാര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ വിശ്വാസ സമൂഹത്തിന് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് കണ്ണന്തറ പറഞ്ഞു. രാജ്യത്തിന്റെ മതേതര സങ്കല്പത്തിനും ജനാധിപത്യ സംവിധാനത്തിനും ഇത്തരം സംഭവങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നതായും അഭിപ്രായമുയര്‍ന്നു. ഫാദര്‍ ലിജോയുടെ കുറവിലങ്ങാട് തോട്ടുവായിലെ വസതിയില്‍ മന്ത്രി VN വാസവനും, മോന്‍സ് ജോസഫ് MLAയുമെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.
0 Comments