കുറവിലങ്ങാട് ദേവമാതാ കോളേജിന് ഓട്ടോണമസ് പദവി ലഭിച്ചു. കുറവിലങ്ങാടിന്റെ അക്ഷര വെളിച്ചമായ ദേവമാതാ കോളേജ് ഗുണനിലവാര പരിശോധനയില്‍ മികച്ച നേട്ടം കൈവരിച്ചാണ് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്റെ ഓട്ടോണമസ് പദവിക്ക് അര്‍ഹത നേടിയത്. നാക് നടത്തിയ മൂല്യനിര്‍ണയത്തില്‍ 3.67 ഗ്രേഡ് പോയിന്റോടെ കോട്ടയം ജില്ലയിലെ കോളേജുകളില്‍ ദേവമാതാ ഒന്നാമത് എത്തിയിരുന്നു.
കഴിഞ്ഞവര്‍ഷത്തെ കെഐആര്‍എഫ്, എന്‍ഐആര്‍എഫ് മൂല്യനിര്‍ണയങ്ങളില്‍ കോട്ടയം ജില്ലയിലെ ഓട്ടോണമസ് ഇതര കോളേജുകളില്‍ ഒന്നാം സ്ഥാനം കുറവിലങ്ങാട് ദേവമാതാ കോളേജിനായിരുന്നു. 1964 ല്‍ ഫാദര്‍പോള്‍ ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ഈ കലാലയം വജ്ര ജൂബിലിയുടെ ആഘോഷത്തോടൊപ്പമാണ് സ്വയം ഭരണ പദവിയും നേടുന്നത്. കോളേജിലെ ഭൗതിക സാഹചര്യങ്ങള്‍, സംസ്ഥാന ദേശീയ ഏജന്‍സികളുടെ നിലവാരപരിശോധന , പഠനനിലവാരം, യൂണിവേഴ്‌സിറ്റി റാങ്കുകള്‍,ഗവേഷണ സംഭാവനകള്‍, അക്കാദമിക് പ്രസിദ്ധീകരണങ്ങള്‍, ബിരുദബിരുദാനന്തര കോഴ്‌സുകളുടെ എണ്ണവും നിലവാരവും, പഠനാനുബന്ധ പരിപാടികള്‍, പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സാമൂഹിക പ്രതിബദ്ധത, ലാബ് ലൈബ്രറി സൗകര്യങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സാമൂഹിക പദവിയും പിന്തുണയും എന്നിവ സമഗ്രമായി വിലയിരുത്തിയാണ് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ കുറവിലങ്ങാട് ദേവമാതാ കോളേജിന് ഓട്ടോണമസ് പദവി നല്‍കിയത്. കോളേജ് മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് വെരി റവ ഡോ തോമസ് മേനാച്ചേരി, പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ റവ ഫാ. ഡിനോയ് മാത്യു കവളമ്മാക്കല്‍, ബര്‍സാര്‍ റവ ഫാ. ജോസഫ് മണിയന്‍ചിറ, ഡോ. സരിത കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ദേവമാതാ ഈ നേട്ടം കൈവരിച്ചത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പാലാ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നേരിട്ട് എത്തി മാനേജ്‌മെന്റിനെയും അധ്യാപക അനദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഓട്ടോണമസ് പദവി നേടിയതിലുള്ള അഭിനന്ദനം അറിയിച്ചു.
0 Comments