ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഭിന്ന ശേഷിക്കാര്‍ക്കായി റാമ്പ് ഒരുങ്ങി. ഭിന്നശേഷിക്കാരായ ഭക്തര്‍ക്ക് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ കൊടിമരച്ചോട്ടില്‍ എത്തി തൊഴുതു പ്രാര്‍ത്ഥിക്കുവാനും ഉത്സവ നാളുകളിലും മറ്റു ക്ഷേത്ര ആചാര ചടങ്ങുകളില്‍ പങ്കുചേരുവാനും വഴിയൊരുക്കിയാണ് റാമ്പ് നിര്‍മ്മിച്ചിരിക്കുന്നത്.
ഉത്സവകാലത്ത് ക്ഷേത്ര മതില്ക്കകത്തെ പരിപാടികള്‍ ആസ്വദിക്കാനും ഏഴരപ്പൊന്നാനയെ നേരില്‍ കണ്ട് തൊഴാനും ഭിന്നശേഷിക്കാര്‍ക്ക് അനായാസമായി ക്ഷേത്രത്തില്‍ പ്രവേശിക്കാനുമായാണ് റാമ്പ് നിര്‍മ്മിച്ചത്.സംസ്ഥാനത്ത് ആദ്യമായാണ് ഏറ്റുമാനൂരില്‍ ഭിന്ന ശേഷിക്കാര്‍ക്ക് ക്ഷേത്രദര്‍ശനത്തിനായി റാമ്പ് സംവിധാനം ഒരുക്കിയത്. ക്ഷേത്രത്തിന്റെ തെക്ക് വശത്ത് സ്റ്റേജിനോട് ചേര്‍ന്ന കവാടത്തിലും കൃഷ്ണന് കോവിലിലുമാണ് റാമ്പ് സജീകരിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാനും പ്രദക്ഷിണ വഴിയില്‍ പ്രദക്ഷിണം നടത്തുവാനും കഴിയും. റാമ്പിന്റെ ഉദ്ഘാടനം ദേവസ്വം തുറമുഖ രജിസ്ടേഷന് വകുപ്പുമന്ത്രി VNവാസവന് നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ലഭിക്കുന്നതിലുള്ള സംതൃപ്തി തന്റെയും സംതൃപ്തിയെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ ഗൗരി, പത്മകുമാര്‍ എന്നിവര്‍ റാമ്പിലൂടെ ക്ഷേത്രത്തില്‍ പ്രവേശിച്ചു. ഗൗരി തന്റെ ജീവിതത്തില്‍ ആദ്യമായാണ് തനിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നത്. ഇത് ഒരു പുണ്യ നിമിഷമായി മാറിയതായി ഗൗരി പ്രതികരിച്ചു. കാണക്കാരി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയി റിട്ടയര്‍ ചെയ്ത പത്മകുമാറിന് ഒരു അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് വീല്‍ചെയറില്‍ ആയതോടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ക്ഷേത്രസന്നിധിയില്‍ എത്തുവാന്‍ കഴിഞ്ഞത്. ചടങ്ങില്‍ അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് അഭിലാഷ്, നഗരസഭാംഗം ഇ.എസ് ബിജു,പൊതു മരാമത്ത് അസി. എന്‍ജിനിയര്‍ അമൃത രാജീവ്,ഉപദേശക സമിതി സെക്രട്ടറി മഹേഷ് രാഘവന്, പ്രസിഡന്റ് പി.കെ രാജന് എന്നിവര്‍ സംസാരിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതി മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നൂതന സംവിധാനം ഒരുങ്ങിയത്.
0 Comments