Breaking...

9/recent/ticker-posts

Header Ads Widget

ടെക് ഫോര്‍ ലൈഫ് ഇന്നവേഷന്‍ സമ്മിറ്റ് മാര്‍ച്ച് 4, 5 തീയതികളില്‍



പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ടെക് ഫോര്‍ ലൈഫ് ഇന്നവേഷന്‍ സമ്മിറ്റ് മാര്‍ച്ച് 4, 5 തീയതികളില്‍ നടക്കും.  സാധാരണക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും സംരംഭകര്‍ക്കും പുതിയ സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായാണ് SJCET, പാലാ മാര്‍ സ്ലീവാ മെഡിസിറ്റി, സെന്റ് ജോസഫ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 'ടെക് ഫോര്‍ ലൈഫ്' ഇന്നവേഷന്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മിറ്റില്‍ കാര്‍ഷികം, ആരോഗ്യം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനവും വിദഗ്ധര്‍ നയിക്കുന്ന ശില്പശാലകളും ഉണ്ടാകും.മാര്‍ച്ച് 4നു രാവിലെ നടക്കുന്ന 'ബില്‍ഡത്തോണ്‍ 2026, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ടോം തോമസ് ഉദ്ഘാടനം ചെയ്യും. കോളേജ് ഡയറക്ടര്‍ റവ പ്രൊഫ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് അധ്യക്ഷത വഹിക്കും. ബില്‍ഡത്തോണ്‍ 2026 ല്‍ വിദ്യാര്‍ഥികള്‍, ഗവേഷകര്‍, സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. 
ബില്‍ഡത്തോണില്‍ ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് യഥാക്രമം രണ്ടു ലക്ഷം രൂപ , ഒരു ലക്ഷം രൂപ , അമ്പതിനായിരം രൂപ എന്നിങ്ങനെ സമ്മാനമായി നല്‍കും.എക്‌സിബിഷന്‍ സ്റ്റാളുകള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റി എം.ഡിയും സിഇഒയുമായ റവ ഫാ മാത്യു തെക്കേല്‍ ഉദ്ഘാടനം ചെയ്യും.കേരള കാര്‍ഷിക സര്‍വകലാശാല, കൃഷിവകുപ്പ് എന്നിവയുടെ സ്റ്റാളുകള്‍ക്ക് പുറമെ ഹൈഡ്രോപോണിക്‌സ്, ബയോഗ്യാസ്, കൂണ്‍കൃഷി, തേനീച്ചകൃഷി, അത്യാധുനിക കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയുടെ  പ്രദര്‍ശനം ഉണ്ടായിരിക്കും. പാലാ മാര്‍ശ്ലീവാ മെഡിസിറ്റിയുടെ എ.ഐ. അധിഷ്ഠിത സ്തനാര്‍ബുദ നിര്‍ണയ സംവിധാനവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് സ്പീച്ച് & ഹിയറിംഗ് ഒരുക്കുന്ന മനുഷ്യ സഹായ സാങ്കേതിക വിദ്യകളും, റോബോട്ടിക്‌സ് & എ.ഐ, എ.ഐ. ഗ്ലാസുകള്‍, ഡ്രോണുകള്‍ എന്നിവയും  പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിക്കും. സോളാര്‍ പവേര്‍ഡ് വാഹനങ്ങള്‍, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകള്‍, ഗ്രീന്‍ ബില്‍ഡിംഗ് മാതൃകകള്‍, വിവിധ ബാറ്ററി സാങ്കേതികവിദ്യകള്‍ എന്നിവ പരിചയപ്പെടാനും അവസരമുണ്ട്.മാര്‍ച്ച് 4, 5 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ പൊതുജനങ്ങള്‍ക്ക് എക്‌സിബിഷന്‍  സൗജന്യമായി കാണാവുന്നതാണ്. മാര്‍ച്ച് 5നു രാവിലെ 9.30നു നടക്കുന്ന ഏകദിന ശില്പശാലയ്ക്ക്  പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസും കോളേജ് ചെയര്‍മാനുമായ മോണ്‍. ഡോ. ജോസഫ് തടത്തില്‍, കേരള അഗ്രികള്‍ച്ചറല്‍ സര്‍വകലാശാലയിലെ ഡോ. കെ. പി. സുധീര്‍, പിറവം അഗ്രോപാര്‍ക്ക് ചെയര്‍മാന്‍ ബൈജു നെടുംകേരി എന്നിവര്‍ നേതൃത്വം നല്‍കും. പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യാതിഥി ആയിരിക്കും സെമിനാറില്‍ കാര്‍ഷിക സംരംഭകത്വം, സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം, സംരംഭകര്‍ക്കുള്ള വായ്പകളും ധനസഹായ സൗകര്യങ്ങളും എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ബില്‍ഡത്തോണ്‍ ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും.


Post a Comment

0 Comments