കിഴക്കന്‍ മേഖലയില്‍ ഉരുള്‍ പൊട്ടല്‍. മീനച്ചിലാര്‍ കരകവിഞ്ഞു. രാത്രിയില്‍ പെയ്ത കനത്ത മഴയെ ത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായതോടെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറിയത്. പാലാ ഈരാറ്റുപേട്ട റോഡില്‍ പനയ്ക്കപ്പാലം, മൂന്നാനി, കൊട്ടാരമറ്റം ഭാഗങ്ങളില്‍ വെള്ളം കയറി. പാലാ ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡിലും വെള്ളം കയറി. ഈരാറ്റു പേട്ടയിലും സമീപ പ്രദേശങ്ങളിലും വെളളം കയറിയിട്ടുണ്ട്. പെരിങ്ങളം പയ്യാനിത്തോട്ടത്ത് ഉരുള്‍ പൊട്ടി . മണക്കാട്ട് ജോണിയുടെ ഭാര്യ റെജീന. മകന്‍ ജോസഫിന്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ നടത്തിയ തിരച്ചിലില്‍ ജോസഫിന്റെ മൃതദേഹം കണ്ടെത്തി. റെജീനക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഈരാറ്റുപേട്ട മേഖലയില്‍ സമീപകാലത്തൊന്നും ഉണ്ടാകാത്ത രീതിയില്‍ വെള്ളപ്പൊക്ക മുണ്ടായിട്ടുണ്ട്. 2018 ല്‍ ഉണ്ടായതിലും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. നടക്കല്‍, മുരിക്കോലി ഭാഗങ്ങളില്‍ വെള്ളം കയറി. ഈരാറ്റുപേട്ട, വാഗമണ്‍ റോഡിലും മണ്ണിടിച്ചിലുണ്ടായി. മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാലാ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കൊല്ലപ്പള്ളി ടൗണിലും വെള്ളം കയറി. മീനച്ചിലാറിന്റെ തീരങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.




0 Comments