Breaking...

9/recent/ticker-posts

Header Ads Widget

ബിഹാറില്‍ നിന്ന് കാണാതായ 23കാരനെ കുറവിലങ്ങാട് പോലീസ് കണ്ടെത്തി തിരികെ നാട്ടിലെത്തിച്ചു.



ബിഹാറില്‍ നിന്ന് നാലുമാസമായി കാണാതായ മാനസിക വെല്ലുവിളിയും ഓര്‍മക്കുറവും നേരിടുന്ന 23കാരനെ കുറവിലങ്ങാട് പോലീസ്  കണ്ടെത്തി തിരികെ നാട്ടിലെത്തിച്ചു.  ബിഹാര്‍ ബാഹൂന സ്വദേശി രഞ്ജിത് കുമാര്‍ യാദവിനെയാണ് എസ്.ഐ. ഗൗതം ഹരിയുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ സമയോചിതമായ അന്വേഷണത്തിലൂടെ ബന്ധുക്കളെ കണ്ടെത്തി കൈമാറിയത്. സഹോദരനും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമാണ് രഞ്ജിത് കുമാര്‍ ബിഹാറിലേക്ക് മടങ്ങിയത്. 

കുറവിലങ്ങാട് യൂണിയന്‍ ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ അപരിചിതനായ യുവാവ് കിടന്നുറങ്ങുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുറവിലങ്ങാട് ടൗണില്‍ നിന്നും യുവാവിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന യുവാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു.സ്വന്തം വിലാസമോ ബന്ധുക്കളുടെ വിവരങ്ങളോ പറയാന്‍ കഴിയാതിരുന്ന യുവാവ് ഗ്രാമത്തിന്റെ പേര് 'ബാഹൂന' എന്ന് അവ്യക്തമായി പറഞ്ഞത് അന്വേഷണത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് ബിഹാറിലെ ബഹദൂര്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാഹൂന ഗ്രാമത്തെക്കുറിച്ച് അന്വേഷിച്ചറിയുകയും  ബഹദൂര്‍പുര്‍ പൊലീസിന്റെയും ഗ്രാമമുഖ്യന്റെയും സഹായത്തോടെ യുവാവ്  രഞ്ജിത് കുമാര്‍ യാദവാണെന്ന്  തിരിച്ചറിയുകയുമായിരുന്നു. ഗ്രാമമുഖ്യന്‍ മുഖേന സഹോദരന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി ബന്ധുക്കളുമായി പൊലീസ് ബന്ധപ്പെട്ടു. ഇതിനിടെ രഞ്ജിത് കുമാറിനെ പാലായിലെ മരിയ സദനത്തില്‍ സുരക്ഷിതമായി താമസിപ്പിച്ചു. സെപ്റ്റംബര്‍ 20ന് സഹോദരനും ഭാര്യയും കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി രഞ്ജിത് കുമാറിനെ തിരിച്ചറിഞ്ഞു. നാലുമാസമായി സഹോദരനെ അന്വേഷിച്ചുവരികയായിരുന്നെന്നും ഇനി കണ്ടെത്താനാകില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് കുറവിലങ്ങാട് പൊലീസില്‍നിന്ന് ഫോണ്‍ ലഭിച്ചതെന്നും സഹോദരന്‍ പറഞ്ഞു.രഞ്ജിത് കുമാറിനെ കണ്ടെത്തി സുരക്ഷിതമായി ബന്ധുക്കള്‍ക്ക് കൈമാറിയ കുറവിലങ്ങാട് പൊലീസിനെ ബന്ധുക്കള്‍ അഭിനന്ദിച്ചു. ഭക്ഷണവും യാത്രാച്ചെലവിനുള്ള സാമ്പത്തിക സഹായവും നല്‍കിയാണ് കുറവിലങ്ങാട് പോലീസ് രഞ്ജിത് കുമാറിനെയും ബന്ധുക്കളെയും ബിഹാറിലേക്ക് യാത്രയാക്കിയത്..




Post a Comment

0 Comments