കളരിയാമ്മാക്കല്‍ പാലത്തിന്റെ അപ്രോച്ച് നിര്‍മ്മാണം വൈകുമ്പോള്‍ അധികൃതരുടെ അവഗണനയ്‌ക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാവുകയാണ്. പ്രസ്താവനകളും ആരോപണ പ്രത്യാരോപണങ്ങളും മാറ്റി വച്ച് രാഷ്ട്രീയ നേതൃത്വം റോഡ് നിര്‍മ്മാണത്തിലെ തടസ്സം നീക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് അഭിപ്രായമുയരുന്നത് റോഡ് നിര്‍മിച്ച് കളരിയാമ്മാക്കല്‍ പാലം എത്രയും വേഗം തുറന്നു കൊടുക്കണമെന്ന അവശ്യവുമായി സമര രംഗത്തുള്ള സാധാരണക്കാരെ, വെറും പ്രചാരകര്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നവര്‍ അതില്‍ നിന്ന് പിന്തിരിയണമെന്നും, പകരം നാടിനുവേണ്ടി ജനങ്ങള്‍ക്കൊപ്പം അണിചേരണമെന്നും കോണ്‍ഗ്രസ് പാലാ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജോസ് പനയ്ക്കച്ചാലി ആവശ്യപ്പെട്ടു.
ആരും ആവശ്യപ്പെടാതെ നിര്‍മിച്ചതാണ് കളരിയാമ്മാക്കല്‍ പാലം എന്ന് വീമ്പുപറയുന്നവര്‍ അതിന്റെ മുതല്‍മുടക്ക് ഈ നാട്ടിലെ ജനങ്ങളുടെ നികുതിപ്പണമാണെന്നും അവര്‍ക്ക് ചോദിക്കുവാനും പറയുവാനുമുള്ള അവകാശമുണ്ടെന്നും മറക്കരുത്. പാലായുടെ വികസന ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലാകേണ്ടിയിരുന്ന കളരിയാമ്മാക്കല്‍ പാലത്തിനോട് കഴിഞ്ഞ എട്ടു വര്‍ഷമായുള്ള അവഗണന അധികൃതര്‍ ഇനിയും തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധമുയരുമെന്നും ജോസ് പനയ്ക്കച്ചാലി പറഞ്ഞു.
0 Comments