ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമര യാത്രയ്ക്ക് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച സ്വീകരണയോഗം നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കണ്‍വീനര്‍ ബിനു ചെങ്ങളം അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നത അധികാര സമിതി അംഗം അഡ്വക്കേറ്റ് പ്രിന്‍സ് ലൂക്കോസ്, ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ജയ്‌സണ്‍, യുഡിഎഫ് നേതാക്കളായ നീണ്ടൂര്‍ മുരളി, ജോ റോയ് പൊന്നാറ്റില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആശാവര്‍ക്കര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും പിന്തുണ പ്രഖ്യാപിച്ചു ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണ വേദിയില്‍ എത്തി. ആശാ പ്രവര്‍ത്തകര്‍ സ്വരൂപിച്ച അരിയും പണവും സമരസമിതി നേതാക്കളും ജാഥാ ക്യാപ്റ്റനുമായ എം. എ.ബിന്ദു, എസ്.മിനി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. എം എ ബിന്ദു ആശാപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളും സമര സാഹചര്യങ്ങളും വിശദീകരിച്ചു. ബുധനാഴ്ചരാവിലെ ഏറ്റുമാനൂരില്‍ നിന്നും ആരംഭിച്ച സമരയാത്ര കുറവിലങ്ങാട് കടുത്തുരുത്തി വൈക്കം മേഖലകളിലുടെ സഞ്ചരിച്ച് വൈക്കത്ത് സമാപിക്കും.
0 Comments