Breaking...

9/recent/ticker-posts

Header Ads Widget

വാട്ടര്‍ അതോറിറ്റി ജലജീവന്‍ പദ്ധതികളുടെ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയാണെന്ന് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍



കേന്ദ്ര സര്‍ക്കാര്‍ ജലജീവന്‍ പദ്ധതിക്കായി പലിശ രഹിത വായ്പയായി  നല്‍കിയ 288 കോടി രൂപ ബില്ലുകളുടെ മുന്‍ഗണനാ തത്വം മറികടന്ന് ഏതാനും വന്‍കിട പ്രവര്‍ത്തികള്‍ക്ക് നല്‍കാനെടുത്ത തീരുമാനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും തുടര്‍ നടപടികള്‍  സ്വീകരിക്കാതെ വാട്ടര്‍ അതോറിറ്റി ജലജീവന്‍ പദ്ധതികളുടെ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയാണെന്ന് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍.  കൃത്യമായി കേന്ദ്രസംസ്ഥാന വിഹിതങ്ങള്‍ വിതരണം ചെയ്താല്‍ 1336 കോടി രൂപ കരാറുകാര്‍ക്ക് നല്‍കാന്‍ കഴിയും. 4000-ല്‍പരം കോടിയുടെ കുടിശ്ശിക മൂലം ജലജീവന്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തികള്‍  മുടങ്ങിക്കിടക്കുന്നത് പുനഃരാരംഭിക്കാന്‍  കരാറുകാര്‍ക്ക് ഇതോടെ കഴിയുമായിരുന്നു. 


എന്നാല്‍ വാട്ടര്‍ അതോറിറ്റി തികഞ്ഞ നിഷ്‌ക്രീയത്വം പുലര്‍ത്തുകയാണ്. 45,000 കോടി രൂപ ആകെ അടങ്കല്‍ വരുന്ന ജലജീവന്‍ പദ്ധതി നടത്തിപ്പില്‍ കേരളം 31-ാം സ്ഥാനത്താണ്. കാലാവധി 2025 മാര്‍ച്ച് 31-ന് അവസാനിക്കും. കേന്ദ്ര- സംസ്ഥാന വിഹിതങ്ങളായി ഇതുവരെ 10,000 കോടി മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. 4000-ല്‍ പരം കോടി കുടിശ്ശികയുമാണ്. പദ്ധതി കാലാവധി 3 വര്‍ഷം കൂടിയെങ്കിലും നീട്ടുക, സംസ്ഥാന വിഹിതമായി നല്‍കേണ്ട 17,500 കോടിയോളം തുക പുറമേ നിന്നും വായ്പയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുക, അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ വായ്പ നല്‍കുക, എന്നിവ അനിവാര്യമാണ്. ജലശ്രോതസുകള്‍ വികസിപ്പിക്കാതെ ഇപ്പോഴത്തെ നിലയില്‍ പണികള്‍ അവ സാനിപ്പിച്ചാല്‍ ഇതുവരെ ചെയ്ത പ്രവര്‍ത്തികള്‍ പ്രയോജന രഹിതമാകുകയും ചെയ്യും. ഇക്കാര്യത്തില്‍ നടപടികളാവശ്യപ്പെട്ട് 2025 ജനുവരി 1-ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിലും ഏജീസ് ഓഫീസിന്റെ മുമ്പിലും കരാറുകാര്‍ ഉപവാസസമരം സംഘടിപ്പിക്കും. ഭാഗീകമായി മാത്രം നടക്കുന്ന പണികളും നിറുത്തിവയ്ക്കും. അറ്റകുറ്റ പണികള്‍ ചെയ്ത കരാറുകാരുടെ 19 മാസത്തെ ബില്ലുകള്‍ കുടിശികയാണ്. തന്മൂലം അറ്റകുറ്റ പണികള്‍ ഭാഗികമായി മാത്രമേ നടക്കുന്നുള്ളു. ഇത് ജലവിതരണത്തെ സാരമായി ബാധിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍, കേരളാ വാട്ടര്‍ അതോരിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ എന്നിവയെ പ്രതിനിധീകരിച്ച് വര്‍ഗീസ് കണ്ണമ്പള്ളി, റെജി ടി. ചാക്കോ, കുഞ്ഞു മാത്യു, ശ്രീജിത്ത് ലാല്‍, ഷോണി പി. ജേക്കബ്, ലീസണ്‍ അടൂര്‍, ഡൊമിനിക്ക് സഖറിയ, മോട്ടി ഉലഹന്നാന്‍, സന്തോഷ് പി. നായര്‍, വി.എസ്. തോമസ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments