ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് സുരക്ഷയൊരുക്കി 24 മണിക്കൂറും ജാഗരൂകരാവുകയാണ് ദ്രുതകര്‍മസേനാംഗങ്ങള്‍. കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ ഭാഗമായ ആര്‍.എ.എഫിന്റെ ഡിപ്ലോയ്മെന്റ് കമാന്‍ഡന്റ് ജി. വിജയന്റെ നേതൃത്വത്തില്‍ 105-ാം ബറ്റാലിയനിലെ 125 സേനാംഗങ്ങളാണ് ശബരിമലയ്ക്ക് സുരക്ഷയൊരുക്കുന്നത്. സന്നിധാനം, സോപാനം, ചുറ്റുവട്ടം, നടപ്പന്തല്‍ തുടങ്ങി സന്നിധാനത്തെ എല്ലാ ഭാഗങ്ങളിലും ആയുധധാരികളായ ആര്‍.എ.എഫ്. ഭടന്മാര്‍ കാവലിനുണ്ട്. ഒരേ സമയം 40 സേനാംഗങ്ങളാണ് സുരക്ഷാജോലിയിലുള്ളത്.
എട്ടു മണിക്കൂറുള്ള മൂന്നു ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം. സന്നിധാനത്തിനും പതിനെട്ടാംപടിക്കും സമീപം രണ്ടു നിരീക്ഷണ ടവറുകളും പതിനെട്ടാം പടിക്കു സമീപം സുരക്ഷാവേലിയും (ഡിഫെന്‍സ് മോര്‍ച്ച) സ്ഥാപിച്ചിട്ടുണ്ട്. തിക്കും തിരക്കും മൂലമുള്ള അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനും അടിയന്തരസാഹചര്യങ്ങളെ നേരിടാനും പരിശീലനം നേടിയ ആര്‍.എ.എഫിന്റെ പ്രത്യേക സംഘവും സന്നിധാനത്തുണ്ട്. എതുസാഹചര്യത്തെയും നേരിട്ട് തീര്‍ഥാടകര്‍ക്കും ക്ഷേത്രത്തിനും സുരക്ഷയൊരുക്കാന്‍ ആര്‍.പി.എഫ്. സജ്ജമാണെന്ന് ഡിപ്ലോയ്മെന്റ് കമാന്‍ഡന്റ് ജി. വിജയന്‍ പറഞ്ഞു. 2008 മുതല്‍ സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത് ജി. വിജയന്റെ നേതൃത്വത്തിലാണ്. മണ്ഡല-മകരവിളക്കു കാലം മുഴുവന്‍ ആര്‍.എ.എഫ്. സുരക്ഷയിലാണ് സന്നിധാനം.
0 Comments