തിരുനക്കര മഹാദേവക്ഷേത്രത്തിലെ ബലിക്കല്‍പ്പുരയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്ക് കടന്നു. ക്ഷേത്രത്തിലെ മുഖപ്പ് സമര്‍പ്പണം ഞായറാഴ്ച രാവിലെ നടന്നു. ഭാരത് ആശുപത്രി ഡയറക്ടര്‍ രേണുക വിശ്വനാഥനില്‍ നിന്നും മന്ത്രി വി.എന്‍ വാസവന്‍ മുഖപ്പ് ഏറ്റുവാങ്ങി. ബലിക്കല്‍ പുരയുടെ മേല്‍ക്കൂരയില്‍ ചെമ്പ് പാളികള്‍ സ്ഥാപിക്കുന്ന ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മുഖപ്പ് സമര്‍പ്പണം നടക്കുന്നത്. ക്ഷേത്രോപദേശക സമിതി രക്ഷാധികാരി ഡോ.വിനോദ് വിശ്വനാഥന്‍, പ്രസിഡന്റ് ടി.സി ഗണേഷ്, സെക്രട്ടറി അജയ് ടി.നായര്‍, വൈസ് പ്രസിഡന്റ് പ്രദീപ് മന്നക്കുന്നം, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്.ശ്രീകല, ജനറല്‍ കണ്‍വീനര്‍ ടി.സി രാമാനുജം തുടങ്ങിയവര്‍ പങ്കെടുത്തു.
2021ല്‍ ചുമതല ഏറ്റ ഉപദേശക സമിതിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടമായി നാല് ഗോപുരങ്ങളുടെയും നവീകരണം പൂര്‍ത്തിയാക്കി. കൂടാതെ തിടപ്പള്ളിയിലെ ശോച്യാവസ്ഥ പരിഹരിക്കുകയും ശ്രീകോവിലിന്റെ വാതില്‍ പുതുക്കുകയും ചെയ്തു. ഉപദേവനായ വടക്കുംനാഥന് അഷ്ടബന്ധ കലശവും ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.
പിന്നീടാണ് ബലിക്കല്‍ പുരയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഉപദേശക സമിതിയുടെ ചെലവിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍. പുരയുടെ മേല്‍ത്തട്ടില്‍ മേല്‍ കൊത്തി വച്ചിരിക്കുന്ന നവഖണ്ഠം ദാരുശില്പങ്ങളില്‍ ജീര്‍ണ്ണിച്ചവ മാറ്റി പുതിയത് സ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഉത്തരം ഉള്‍പ്പെടെയുള്ളവ ദ്രവിച്ചതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഉത്തരം, ചട്ടക്കൂട്, ഗജമുഷ്ടി, കപോതം, തടം, നേത്രം, തുലാം, കൊടുങ്ങ, പലക, മുഖപ്പ് ഉള്‍പ്പെടെ എല്ലാം മാറ്റി പുതിയത് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.
0 Comments