വായ്പ കുടിശ്ശികയുടെ പേരില്‍ വീട് ജപ്തി ചെയ്ത് വീട്ടുകാരെ പുറത്താക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. പുന്നത്തുറ കറ്റോട് നെടുംതുണ്ടത്തില്‍ രാധാമണി രവീന്ദ്രന്‍ മണപ്പുറം ബാങ്ക് കോട്ടയം ശാഖയില്‍ നിന്നും എടുത്ത 5 ലക്ഷം രൂപ തിരിച്ചായ്ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചത്. സ്വന്തമായുള്ള 15 സെന്റ് സ്ഥലവും വീടും ഈട് നല്‍കി മൂന്നു വര്‍ഷം മുന്‍പാണ് വായ്പ എടുത്തിരുന്നത്.
ഇപ്പോള്‍ 6 ലക്ഷത്തോളം രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. കോടതി ഉത്തരവുമായി അഭിഭാഷകയ്‌ക്കൊപ്പമാണ് ബാങ്കധികൃതര്‍ എത്തിയത്. ജൂണ്‍ 19 ന് വായ്പ കുടിശ്ശികയെക്കുറിച്ച് സംസാരിക്കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും 23 ന് ജപ്തി ഉത്തരവുമായി എത്തി വീട് കൈശപ്പെടുത്താനാണ് അധികൃതര്‍ ശ്രമിച്ചത്. രാധാമണിയും രോഗിയായ ഭര്‍ത്താവ് രവീന്ദ്രനുമടക്കം ഒമ്പത് അംഗങ്ങളുള്ള കുടുംബം ജപ്തി നടപടികളുണ്ടായാല്‍ പോകാനിടമില്ലാതെ നിലവിളിച്ചപ്പോള്‍ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന നടപടി അനുവദിക്കില്ലെന്നും 45 ദിവസത്തെ സാവകാശം നല്‍കണമെന്നുമുള്ള ആവശ്യം നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബാങ്കധികൃതര്‍ അംഗീകരിക്കുകയായിരുന്നു. പണം അടച്ച് 15 ദിവസത്തിനുള്ളില്‍ ആധാരം തിരികെ നല്‍കാമെന്നും ബാങ്ക് അധികൃതര്‍ ഉറപ്പു നല്‍കി. കനത്ത മഴക്കാലത്ത് കൊച്ചുകുട്ടികളടക്കമുള്ള കുടുംബം തല ചായ്ക്കാനിടമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നത് നാട്ടുകാരുടെ ഇടപെടലില്‍ തത്കാലം ഒഴിവാകുകയായിരുന്നു.
0 Comments