Breaking...

9/recent/ticker-posts

Header Ads Widget

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം നടന്നു



പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 17.68 കോടി രൂപ വരവും 17.63കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. ലഭ്യമായ സ്രോതസ്സുകള്‍ ഉള്‍പ്പെടുത്തി പാര്‍പ്പിടം, ടൂറിസം, ആരോഗ്യം, അടിസ്ഥന സൗകര്യ വികസനം എന്നിങ്ങനെ സമഗ്ര മേഖലയിലേയും വികസനത്തിന് ഊന്നല്‍ നല്‍കി തയ്യാറാക്കിയിരിക്കുന്ന ബഡ്ജറ്റില്‍ പാര്‍പ്പിട മേഖലക്കും ആരോഗ്യ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. സാധ്യമായ മേഖലകളിലെല്ലാം തുക വകയിരുത്തിയിട്ടുള്ളതായി പ്രസിഡന്റ് മിനര്‍വ മോഹന്‍ പറഞ്ഞു. 

പൂഞ്ഞാര്‍ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മരുന്ന് വാങ്ങുന്നതിനുമായി 18 ലക്ഷം രൂപയും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി 750000 രൂപയും ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി  ആയുര്‍വ്വേദ  ഹോമിയോ ഡിസ്പന്‍സറിയിലേയ്ക്ക് മരുന്ന് വാങ്ങലുകള്‍ക്കും മെയിന്റനന്‍സിനുമായി 10 ലക്ഷം രൂപയും വകയിരുത്തി. സ്വന്തമായി കെട്ടിടമില്ലാത്ത പെരിങ്ങുളം, പൂഞ്ഞാര്‍ മെയിന്‍ സെന്റര്‍, കുന്നോന്നി, സബ്സെന്ററുകള്‍ക്ക് സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഹെല്‍ത്ത് ഗ്രാന്റില്‍ ഉള്‍പ്പെടുത്തി 3.08 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജല്‍ ജീവന്‍ പദ്ധതിയും, കൂടാതെ നിലവിലുള്ള ജലനിധി പദ്ധതികളും ഏറ്റവും കാര്യക്ഷമമായി നടപ്പാക്കി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രയത്നിച്ചു വരികയാണെന്ന് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ പറഞ്ഞു. കായിക മേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ മേരാ ഖേല്‍ ഇന്ത്യ പദ്ധതി പ്രകാരം പൂഞ്ഞാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ 6.67 കോടി രൂപ ചെലവില്‍ കളിസ്ഥലം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമായിട്ടുള്ളതാണ്. ടൂറിസം മേഖലയുടെ വികസനത്തിനായി പൂഞ്ഞാര്‍ ടൂറിസം സര്‍ക്യൂട്ട് എന്ന പേരില്‍ വിശദമായ DPR തയാറാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അനുകൂലമായ തീരുമാനം ലഭിക്കുന്ന മുറക്ക് നടപ്പിലാക്കും.  കല , സംസ്‌ക്കാരം, സ്പോര്‍ട്സ്, യുവജനക്ഷേമം, വായനശാല റീഡിംഗ് റൂമിന്റെ നവീകരണം, തുടങ്ങിയവയ്ക്കുള്ള തുകയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബജറ്റ് അവതരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല ആര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോജി തോമസ്, ക്ലിന്റ് അരീപ്ലാക്കല്‍, ബീന മധുമോഹന്‍ എന്നിവരും പങ്കെടുത്തു.


Post a Comment

0 Comments