കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാനായി അഭിഷിക്തനാകുന്ന തോമസ് ആനിമൂട്ടില്‍ പിതാവിന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ വൈദികരും സമര്‍പ്പിതരും അല്‍മായരും ചേര്‍ന്ന് സ്വീകരണം നല്‍കി. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡില്‍ പങ്കെടുത്തതിനു ശേഷം കോട്ടയം അരമനയിലെത്തിയ അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് വിശ്വാസസമൂഹം വരവേല്‍പ് നല്‍കി. നിയുക്ത സഹായമെത്രാന്‍ തോമസ് ആനിമൂട്ടിലിനെ കത്തീഡ്രല്‍ വികാരി ഫാ. തോമസ് ആദോപ്പിള്ളില്‍ കത്തിച്ച തിരി നല്‍കി സ്വീകരിച്ചു.തുടര്‍ന്ന് ക്രിസ്തുരാജ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് സ്വാഗതം ആശംസിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ക്‌നാനായ സമൂഹത്തിന്റെ അജപാലന ശുശ്രൂഷകള്‍ കൂടുതല്‍ കാര്യക്ഷമവും സുഗമവുമാക്കുന്നതിനുള്ള പുതിയ സാധ്യതകള്‍ ഈ ദൈവനിയോഗത്തിലൂടെ തുറക്കപ്പെടുമെന്ന് മൂലക്കാട്ട് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.മെത്രാഭിഷക ചടങ്ങുകള്‍ ഒക്ടോബര്‍ രണ്ടിന് നടക്കുമെന്ന് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം നിയുക്ത സഹായ മെത്രാന്‍ കൃതജ്ഞത അര്‍പ്പിച്ച് സംസാരിച്ചു. തനിക്ക് ലഭിച്ചിരിക്കുന്ന ഈ ദൈവനിയോഗം ദൈവജനത്തെ കൂടുതല്‍ സമര്‍പ്പണത്തോടെ ശുശ്രൂഷിക്കാനുള്ള വിളിയാണെന്നുമുള്ള ബോധ്യം തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭിവന്ദ്യ തോമസ് ആനിമൂട്ടില്‍ പിതാവിന് പ്രാര്‍ത്ഥനയിലൂടെ നമുക്ക് കരുത്തും പിന്തുണയും പകരാമെന്ന് വിജയപുരം രൂപതയുടെ സഹായ മെത്രാന്‍ ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ ആശംസിച്ചു. സ്വീകരണച്ചടങ്ങുകള്‍ നിയുക്ത സഹായമെത്രാന്‍ തോമസ് ആനിമൂട്ടിലിന്റെ ആശീര്‍വാദ പ്രാര്‍ത്ഥനയോടെ സമാപിച്ചു.




0 Comments