കാപ്പുംതലയില്‍ ബേസ് അപ്രേം നസ്രാണി ദയറാ സ്ഥാപിക്കപ്പെട്ടതിന്റെ ഇരുപതാം വാര്‍ഷിക ആചരണം നടന്നു. കുറവിലങ്ങാട്, കടുത്തുരുത്തി, മുട്ടുചിറ , കോതനല്ലൂര്‍ എന്നീ പൗരാണിക നസ്രാണി കേന്ദ്രങ്ങളുടെ മധ്യത്തിലായി 2006 സെപ്റ്റംബര്‍ 25നാണ് നസ്രാണി ദയറാ സ്ഥാപിക്കപ്പെട്ടത്. പാലാ രൂപതയുടെ മെത്രാനും ദയറായുടെ രക്ഷാധികാരിയുമായ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അപ്പെസ്‌കോപ്പായുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ മേലധ്യക്ഷന്‍ അഭി. മാര്‍ ഔഗിന്‍ കുറിയാക്കോസ്, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഓറശ്ലേം ഭദ്രാസനത്തിന്റെ പാത്രിയാര്‍ക്കല്‍ മെട്രോപോളിറ്റന്‍ വികാരിയും വീട്ടൂര്‍ ദയറായുടെ അധിപനുമായ അഭി. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സെപ്റ്റംബര്‍ 25 വെള്ളി വൈകുന്നേരം ആറുമണിക്ക് ബേസ് സ്ലീവായുടെ മുന്നില്‍ പുറത്തു നമസ്‌കാരത്തിന് മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. ദയറാകളിലൂടെയാണ് സഭയുടെ പാരമ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതെന്നും ദയറാകള്‍ ഇനിയും ആരംഭിച്ച് സഭകളും സമുദായവും നവീകരിക്കപ്പെടണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. സങ്കീര്‍ത്തനങ്ങള്‍ ചെല്ലുന്ന ഈശോയുടെയും മര്‍ത്ത് മറിയത്തിന്റെയും ശ്ലീഹന്മാരുടെയും പാരമ്പര്യം മാര്‍ത്തോമ്മാ നസ്രാണികള്‍ക്ക് ഉണ്ടായിരുന്നെന്നും വൈദികരും അല്മായരുമെല്ലാം സങ്കീര്‍ത്തനങ്ങള്‍ അനുദിനം പ്രാര്‍ത്ഥിക്കുന്ന ആത്മീയ സംസ്‌കാരത്തിലേക്ക് വളര്‍ന്ന് നസ്രാണിത്തനിമ വീണ്ടെടുക്കണമെന്നും അഭിവന്ദ്യ പിതാവ് സൂചിപ്പിച്ചു. ദയറാകളില്‍ സന്യാസിമാര്‍ ചെയ്തിരുന്നത് പോലെ നമ്മുടെ പൂര്‍വികര്‍ സങ്കീര്‍ത്തനങ്ങളും കുര്‍ബാനയിലെ പ്രാര്‍ത്ഥനകളും ചെറുപ്പം മുതല്‍ ഉപയോഗിച്ച് മന:പാഠമാക്കിയിരുന്നെന്ന് സൂചിപ്പിച്ച മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത സുറിയാനി പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പരിശ്രമങ്ങളിലൂടെ സഭകള്‍ക്ക് വലിയ ഉപകാരമാണ് ദയറാകള്‍ നല്‍കുന്നതെന്ന് ഓര്‍മ്മിപ്പിച്ചു. മാര്‍ അപ്രേമിന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ചുറ്റും താമസിച്ചിരുന്നവര്‍ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നതു പോലെ നമ്മുടെ സല്‍പ്രവര്‍ത്തികള്‍ കണ്ട് ക്രിസ്ത്യാനികള്‍ ആണെന്ന് മറ്റുള്ളവര്‍ തിരിച്ചറിയുന്നതിനും നമ്മളെ അനുകരിക്കുന്നതിനും ഇടയാകണമെന്ന് തന്റെ അനുഗ്രഹപ്രഭാഷണത്തില്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപോലീത്ത പറഞ്ഞു.
മാര്‍ഗംകളി, പരിചയ മുട്ടുകളി, റമ്പാന്‍ പാട്ട് തുടങ്ങിയ നസ്രാണി കലകളും സുറിയാനി സംഗീതം, സംഗീതോപകരണങ്ങള്‍ തുടങ്ങിയവയുടെയും മദ്ബഹാ ശുശ്രൂഷികള്‍, ഗാന ശുശ്രൂഷകര്‍ തുടങ്ങിയവരുടെയും പരിശീലനം ഉള്‍ക്കൊള്ളുന്ന APPAN Nazrani Heritage Club പ്രവര്‍ത്തനങ്ങള്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു . ദയറായില്‍ നടത്തപ്പെട്ട കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം അഭിവന്ദ്യ പിതാക്കന്മാര്‍ നിര്‍വഹിച്ചു . ദയറായുടെ സ്ഥാപകന്‍ കൂനമ്മാക്കല്‍ തോമാ കത്തനാര്‍, അര്‍ക്കദിയാക്കോന്മാര്‍, പള്ളിവീട്ടില്‍- പറമ്പില്‍ ചാണ്ടി മെത്രാന്‍, ഗോവര്‍ണദോര്‍ പാറേമ്മാക്കല്‍ തോമാ കത്തനാര്‍, കുടക്കച്ചിറ അന്തോനിക്കത്തനാര്‍, നിധീരിക്കല്‍ മാണി കത്തനാര്‍ എന്നിവരെ അനുസ്മരിച്ച യോഗത്തില്‍ നസ്രാണി സംസ്‌കൃതിയുടെ പരിരക്ഷണവും പരിശീലനവും കൂടി നസ്രാണി സമുദായം ശ്രദ്ധ ചെലുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. സുറിയാനി ഭാഷയുടെ പഠനം ഉള്‍ക്കൊള്ളുന്ന സ്ലീവാ സ്‌കൂള്‍, മാര്‍ത്തോമ്മാ മാര്‍ഗം പരിശീലിപ്പിക്കുന്ന ഹെന്തോ അക്കാദമി, പിതാക്കന്മാരെയും ചരിത്ര സംഭവങ്ങളെയും അനുസ്മരിക്കുന്ന ആവാഹാസാ, പാറേമ്മാക്കല്‍ ലൈബ്രറി, കരിയാറ്റില്‍ മ്യൂസിയം എന്നിവയാണ് ദയറായില്‍ ഉള്ളത്. എല്ലാദിവസവും രാവിലെ 6. 30ന് സുറിയാനി ഭാഷയിലുള്ള പരിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുന്നു. പരിശുദ്ധ കുര്‍ബാനയില്‍ വിശുദ്ധ മല്‍ക്കാ ഉപയോഗിച്ചുള്ള ഗോതമ്പപ്പം, മുന്തിരിച്ചാറ് എന്നിവ ആണ് ഉപയോഗിക്കുന്നത്. ഈശോയും ശിഷ്യന്മാരും പതിവുപോലെ സിനഗോഗുകളില്‍ കൂടിയിരുന്ന പാരമ്പര്യം പതിനെട്ടാം നൂറ്റാണ്ട് വരെ പിന്തുടര്‍ന്നുവന്ന നസ്രാണികളുടെ യഹൂദ പാരമ്പര്യം വീണ്ടെടുക്കാനായി ശനിയാഴ്ചകളില്‍ വിശ്വാസികള്‍ക്കായി സായാഹ്ന നമസ്‌കാരം (സന്ധ്യ പ്രാര്‍ത്ഥന ), സമുദായ യോഗം എന്നിവ പ്രത്യേകം ക്രമീകരിക്കുന്നു. ദനഹാ (രാക്കുളി പെരുന്നാള്‍ ), പെസഹാ, മാര്‍ തോമാ ശ്ലീഹായുടെയും മാര്‍ അപ്രേമിന്റെയും ദുക്‌റാനകള്‍ എന്നിവയാണ് പ്രധാന തിരുനാളുകള്‍.





0 അഭിപ്രായങ്ങള്‍