മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണു. മരങ്ങാട്ടുപിള്ളി ജംഗ്ഷനില്‍ റോഡിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മൂന്നു നിലകളുള്ള കെട്ടിടമാണ് അപകടാവസ്ഥയിലായത്. വ്യാപാരസ്ഥാപനങ്ങളും പഞ്ചായത്ത് ഓഫീസും ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്ത് ഓഫീസ് ഇപ്പോള്‍ സമീപത്തു തന്നെയുള്ള കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോഴും ഏതാനും ഓഫീസുകള്‍ ഈ കെട്ടിടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. 40 വര്‍ഷത്തിലേറെ പഴക്കമുള്ള പഴയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണ് കമ്പി തെളിഞ്ഞ നിലയിലാണ്. താഴത്തെ നിലയിലാണ് കോണ്‍കീറ്റ് കൂടുതലും അടര്‍ന്നു വീണിട്ടുള്ളത്. മാസങ്ങള്‍ക്കുമുന്‍പ് മേല്‍ക്കുരയിലെ കോണ്‍ക്രീറ്റ് ഇളകി വീണതോടെ കെട്ടിടം സുരക്ഷിതമല്ല എന്നു വ്യക്തമാകുകയും ഇവിടെ പ്രവര്‍ത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറുകയും ചെയ്തിരുന്നു . ഈ കെട്ടിടത്തില്‍ തന്നെയുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രവും അടച്ചു.കെട്ടിടത്തിന്റെ മുകള്‍ നിലകളില്‍ ഇപ്പോഴും ചില ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. പുതിയ കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടത്തിന്റെ ഭാഗങ്ങളാണ് ശനിയാഴ്ച രാവിലെ അടര്‍ന്നു വീണത്. ഓഫീസ് സമയത്തിനു മുന്‍പായതു കൊണ്ട് ഈ ഭാഗത്ത് ആളുകള്‍ ഇല്ലാതിരുന്നതു മൂലം വലിയ അപകടം വഴിമാറുകയായിരുന്നു . ഓഫീസ് കെട്ടിടം പുതുക്കി പണിയാന്‍ നടപടി വേണമെന്ന് വ്യാപാരികളും പൊതു ജനങ്ങളും നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അപകടാവസ്ഥയിലായ കെട്ടിടത്തില്‍ ഇപ്പോഴും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട് പറഞ്ഞു. മരങ്ങാട്ടുപിള്ളി ടൗണിന്റെ ഹൃദയഭാഗത്ത് അപകടാവസ്ഥയിലായ കെട്ടിടം പുതുക്കി പണിയാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നടപടികള്‍ നീണ്ടു പോകുകയാണ്. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ ഇളകി വീണ് അപകടങ്ങള്‍ ഉണ്ടാവുന്നതു വരെ കാത്തിരിക്കാതെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യമാണുയരുന്നത്.





0 അഭിപ്രായങ്ങള്‍