പാലാ നഗരസഭയുടെ നീന്തല്‍ക്കുളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു; ഇതോടെ കുട്ടികളുടെ നീന്തല്‍ പരിശീലനം പൂര്‍ണമായും മുടങ്ങി. നീന്തല്‍ക്കുളത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്ത കരാറുകാരനും നഗരസഭയും തമ്മിലുള്ള തര്‍ക്കമാണ് പ്രതിസന്ധിക്ക് കാരണമായത്. പരിശീലനം നിലച്ചതോടെ വരാനിരിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന കുട്ടികളും ആശങ്കയിലായി. പരിശീലനം മുടങ്ങുന്നത് മത്സരങ്ങളിലെ പങ്കാളിത്തത്തെയും കായികമികവിനെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍ നഗരസഭാ സ്റ്റേഡിയത്തിലെ ഗാലറിയുടെ രണ്ടാം നിലയിലാണ് നീന്തല്‍ക്കുളം പ്രവര്‍ത്തിച്ചിരുന്നത്. ഈ കേന്ദ്രത്തിലെ പരിശീലകര്‍ക്ക് വരുമാനമാര്‍ഗവും ഇല്ലാതായിരിക്കുകയാണ്. അഞ്ചുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നീന്തല്‍ക്കുളത്തിന്റെ നടത്തിപ്പ് തോപ്പന്‍സ് അക്കാദമി യാണ് ഏറ്റെടുത്തിരുന്നത്. കരാറുകാരന്‍ വാടകയ്ക്കു പുറമേ വൈദ്യുതി ബില്‍, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികള്‍, ജലശുദ്ധീകരണം തുടങ്ങിയ ചെലവുകളും വഹിച്ചിരുന്നു. ഇതിനുപുറമേ 10 ലക്ഷം രൂപ സെക്യൂരിറ്റി തുകയായും നഗരസഭയ്ക്ക് നല്‍കിയിരുന്നു.
അഞ്ചുവര്‍ഷത്തെ കരാര്‍ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പുതിയ കരാറുകാരന്‍ എത്തിയെങ്കിലും സെക്യൂരിറ്റി തുക നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മുന്‍ കരാറുകാരന്റെ സെക്യൂരിറ്റി തുക തിരികെ നല്‍കുന്നതു സംബന്ധിച്ചും നഗരസഭയുമായി തര്‍ക്കങ്ങളുണ്ട്. തുക തിരികെ ലഭിക്കാത്തതും സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാരണം നീന്തല്‍ക്കുളത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് കരാര്‍ സംബന്ധമായ വിശദീകരണം.
കോടികള്‍ രൂപ ചെലവഴിച്ച് പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കുമായി ഒരുക്കിയ നീന്തല്‍ക്കുളം ഉപയോഗശൂന്യമായി കിടക്കുന്നത് വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. അതേസമയം, സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരണത്തിനായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ സ്റ്റേഡിയവും മാസങ്ങളായി പൂര്‍ണമായി ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണ്. ഇതോടെ കായികപരിശീലനത്തിനായി നഗരസഭാ സ്റ്റേഡിയത്തെ ആശ്രയിച്ചിരുന്നവരും ബുദ്ധിമുട്ടിലായി.
പുതിയ കരാറുകാരന്‍ കരാര്‍ പ്രകാരമുള്ള തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തില്‍ നീന്തല്‍ക്കുളത്തിന്റെ നടത്തിപ്പിനായി വീണ്ടും ടെന്‍ഡര്‍ വിളിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ വ്യക്തമാക്കുന്നു. കരാര്‍ സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിച്ച് നീന്തല്‍ക്കുളം എത്രയും വേഗം തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നാണ് കുട്ടികളും രക്ഷിതാക്കളും കായികപ്രേമികളും ആവശ്യപ്പെടുന്നത്.





0 അഭിപ്രായങ്ങള്‍