ഉഴവൂര്‍ ടൗണിലെ എസ്.എസ്. പെട്രോള്‍ പമ്പില്‍ നിന്ന് 1.73 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉഴവൂര്‍ ടൗണിലെയും പരിസരപ്രദേശങ്ങളിലെയും സി.സി.ടി.വി ക്യാമറകളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരുന്നു. സമാന കേസുകളിലെ പ്രതികളെക്കുറിച്ചും ജയിലില്‍ മോചിതരായവരെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പമ്പിലെ ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് മൂന്നംഗ സംഘമാണ് കവര്‍ച്ചയ്ക്ക് എത്തിയത്. ശനിയാഴ്ച രാത്രി 12.35-ന് സംഘം പമ്പിനുള്ളിലെത്തി കവര്‍ച്ചയ്ക്ക് ശ്രമിച്ചു. ആദ്യം ക്യാമറകള്‍ തിരിച്ചു വച്ചെങ്കിലും ചില ക്യാമറകളില്‍ സംഘത്തിന്റെയും അവരുടെ പ്രവര്‍ത്തനങ്ങളുടെയും ദൃശ്യങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. തുടര്‍ന്ന് ശൗചാലയത്തിന്റെ ജനല്‍ തകര്‍ത്താണ് ഓഫീസ് മുറിയില്‍ കടന്നത്. പണമെടുത്ത ശേഷം സേഫ് സമീപത്തെ കൃഷിയിടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. വൈകിട്ട് മൂന്നുവരെയുള്ള പണം ബാങ്കില്‍ നിക്ഷേപിക്കുകയും പിന്നീട് പമ്പ് അടയ്ക്കും വരെയുള്ള പണം ഓഫീസിലെ ലോക്കറില്‍ സൂക്ഷിക്കുകയുമാണ് പതിവ്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന്‍ മുന്നിലെ പെട്രോള്‍ പമ്പിലും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മോഷണം നടന്നിരുന്നു.





0 അഭിപ്രായങ്ങള്‍