Breaking...

9/recent/ticker-posts

Header Ads Widget

പ്രളയക്കെടുതിയെ നേരിടാൻ ദുരന്ത നിവാരണ കർമ്മ പദ്ധതി കടുത്തുരുത്തി മണ്ഡലത്തിൽ ആവിഷ്ക്കരിച്ചു


മെയ് 31 മുതൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ വർഷത്തെ കാലവർഷക്കെടുതിയുടെ ഘട്ടത്തിൽ സംഭവിക്കാൻ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിനും ഇക്കാര്യത്തിൽ സാധ്യമായ മുൻ കരുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും കടുത്തുരുത്തി അസംബ്ലി മണ്ഡലം അടിസ്ഥാനത്തിൽ ദുരന്തനിവാരണ കർമ്മ പദ്ധതിക്ക് രൂപം നൽകിയതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.


    മഴക്കാല പൂർവ്വ ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി കടുത്തുരുത്തി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത ഓൺലൈൻ സൂം കോൺഫറൻസ് യോഗ തീരുമാനങ്ങൾ അറിയിക്കുകയായിരുന്നു എം.എൽ.എ.

   വൈക്കം, മീനച്ചിൽ താലൂക്കുകളുടെ കീഴിൽ വരുന്ന എല്ലാ വില്ലേജ് ഓഫീസർമാരെയും ദുരന്ത നിവാരണ ജാഗ്രതാ സമിതികളുടെ കോർഡിനേറ്റർമാരായി നിശ്ചയിച്ചു. വെള്ളപ്പൊക്കത്തിന്റെ ഉൾപ്പെടെ ദുരിത പൂർണ്ണ സാഹചര്യം എവിടെയെങ്കിലും ഉണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടു. പ്രളയക്കെടുതിയുടെ സാധ്യതയുള്ള സ്ഥലങ്ങളിൽ ക്യാമ്പ് തുറക്കുന്നതിന് സർക്കാർ സ്കൂളുകളോ, സ്വകാര്യസ്ഥാപനങ്ങളോ ലഭ്യമാക്കുന്നതിന് മുൻകൂർ നടപടി സ്വീകരിക്കുമെന്ന് റവന്യൂ അധികൃതർ യോഗത്തിൽ അറിയിച്ചു. 

    പ്രളയക്കെടുതിയുടെ സന്ദർഭത്തിൽ എല്ലാ പഞ്ചായത്തുകളിലും മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കുന്നതിന് യോഗം തീരുമാനിച്ചു. വെള്ളപ്പൊക്ക പ്രശ്നങ്ങളെ അതിജീവിക്കാനും, അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ മരങ്ങളും മുറിച്ചു മാറ്റാൻ അടിയന്തിര നടപടി സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്തുകളെയും, വില്ലേജ് ഓഫീസർമാരെയും യോഗം ചുമതലപ്പെടുത്തി.   പൊതുമരാമത്ത് റോഡിൽ നിൽക്കുന്ന അപകട മരങ്ങൾ ജനങ്ങൾക്ക് ദുരന്തമുണ്ടാക്കാതെ വെട്ടി മാറ്റാൻ ബന്ധപ്പെട്ട എൻജിനീയർമാർ  ആവശ്യമായ നടപടി കൈക്കൊള്ളണം. പ്രീ മൺസൂൺ പ്രവർത്തികളുടെ ഭാഗമായി ഓടകൾ തെളിയിക്കുന്നതിനും, റോഡ് സൈഡിലെ പള്ളയും പുല്ലും വെട്ടി മാറ്റുന്നതിനും നടപടി സ്വീകരിക്കണം. വിവിധ സ്ഥലങ്ങളിലെ റോഡുകളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാൻ സർക്കാരിൽ നിന്ന് ഫണ്ട് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

   കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞു വീണ വെമ്പള്ളി കല്ലാലി പാലം, കോടികുളം പാലം, മാറൊഴുക പാലം എന്നിവ പുതുക്കി നിർമ്മിക്കുന്നതിന് സർക്കാർ ഇതുവരെയും
ഫണ്ട് അനുവദിക്കാത്തത് നിർമ്മാണ പ്രവർത്തനം സമയത്ത് നടപ്പാക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിന് നടപ്പാക്കാൻ കഴിയാതെ പോയ പാലം നിർമ്മാണ പദ്ധതികൾ പരമാവധി വേഗത്തിൽ പ്രാവർത്തികമാക്കുന്നതിന് ആവശ്യമായ ഫണ്ട് പുതിയ സർക്കാർ മുൻഗണന നൽകി അനുവദിക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.

 അപകട സ്ഥിതിയിലായ വിവിധ പാലങ്ങൾ പുതുക്കി നിർമ്മിക്കാൻ സർക്കാർ  സത്വര നടപടി  നൽകണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു. 
   കടുത്തുരുത്തി - ഞീഴൂർ വലിയ തോടിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും, തോടിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിനും  അടിയന്തര നടപടി സ്വീകരിക്കുന്നതാണ്. കടുത്തുരുത്തി വലിയ  തോടിന്റെയും, ചുള്ളിത്തോടിന്റെയും വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിക്കുന്നതിന് മേജർ ഇറിഗേഷൻ കടുത്തുരുത്തി സബ് ഡിവിഷനെ ചുമതലപ്പെടുത്തി. മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുമ്പായി തോടുകളുടെ നീരൊഴുക്ക് സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 

   കടുത്തുരുത്തി - പാലകര റോഡ്, കടുത്തുരുത്തി - പിറവം റോഡിൽ കൈലാസപുരം ഭാഗം, കോതനല്ലൂർ  ടൗൺ വെള്ളക്കെട്ട് പ്രശ്നം, മരങ്ങാട്ടുപള്ളി - കടപ്ലാമറ്റം റോഡിലെ വെള്ളക്കെട്ട്, കിടങ്ങൂർ - അയർക്കുന്നം റോഡിലെ വെള്ളക്കെട്ട്,  കുറുപ്പന്തറ കവല - മാർക്കറ്റ് ഭാഗം ഓട  നിർമ്മാണം, കോഴിക്കൊമ്പ് - ചേർപ്പുങ്കൽ റോഡിലെ വെള്ളക്കെട്ട്, കാഞ്ഞിരത്താനത്ത് കലുങ്ക് നിറഞ്ഞത്  നീക്കം ചെയ്യൽ
കുര്യനാട് ജംഗ്ഷനിലെ വെള്ളക്കെട്ട്, കുറുപ്പന്തറ കടവ് വെള്ളപ്പൊക്ക ഭീഷണി തുടങ്ങിയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് സാധ്യമായ നടപടികൾ നടപ്പാക്കാൻ തീരുമാനിച്ചു. കുറവിലങ്ങാട് പള്ളിക്കവലയിലെ വെള്ളക്കെട്ട് പ്രതിസന്ധി പരിഹരിക്കുന്നതിന് ബൈപ്പാസ് റോഡിന് കുറുകെ കലിങ്ക് നിർമ്മിക്കുന്നതിന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ട വികസന പദ്ധതിക്ക് എം.എൽ.എ ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കുമെന്ന് മോൻസ് ജോസഫ് യോഗത്തിൽ വ്യക്തമാക്കി. തോട്ടുവാ - കടുത്തുരുത്തി റോഡിൽ അടഞ്ഞിരിക്കുന്ന കലിങ്ക് തുറക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.
 
    ശക്തമായ മഴയെ തുടർന്ന് പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങുകയും, നെൽ കൃഷി നശിക്കുകയും ചെയ്ത മുളക്കുളം ഇടയാറ്റു പാലം, വാലാച്ചിറ പാടം, വെമ്പള്ളി പാടശേഖരം എന്നിവിടങ്ങളിൽ നഷ്ടപരിഹാരവും, ദുരിതാശ്വാസ ധനസഹായവും സംസ്ഥാന സർക്കാർ അനുവദിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.  കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വിവിധ തോടുകളുടെ വികസനവും, പാടശേഖരങ്ങളുടെ സംരക്ഷണവും ഉൾപ്പെടെ നടപ്പാക്കാൻ കഴിയുന്ന വിധത്തിൽ ഒരു പുതിയ പ്രൊജക്ടിന്  രൂപം നൽകുന്നതിന് തീരുമാനിച്ചു. ഇതിന്  മുന്നോടിയായി  കാർഷിക വികസന അദാലത്ത് കോവിഡിന് ശേഷം സംഘടിപ്പിക്കുന്നതാണ്. കാർഷിക മേഖലയുടെ സംരക്ഷണത്തിന് ഉപകരിക്കുന്ന കർമ്മ പരിപാടികൾ  നടപ്പാക്കാൻ സർക്കാർ സഹായത്തോടെ പരിശ്രമം നടത്തുമെന്ന് മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി.

   കാലവർഷ കാലഘട്ടത്തിൽ ഡെങ്കിപ്പനി പോലുള്ള സാംക്രമിക രോഗങ്ങളുടെയും, പകർച്ച വ്യാധികളുടെയും അപകടാവസ്ഥയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് പ്രാദേശിക തലത്തിൽ സമ്പൂർണ്ണ ശുചിത്വ പ്രവർത്തനങ്ങൾ അടിയന്തിരമായി നടപ്പാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളെ ചുമതലപ്പെടുത്തി. 

   കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതലായി എന്തെങ്കിലും സഹായം സർക്കാർ തലത്തിൽ നിന്ന് ആവശ്യമായി വന്നാൽ അറിയിക്കുന്നതിന് ആരോഗ്യവകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ കീഴിൽ കോവിഡ് രോഗികളുടെ ചികിത്സാ ക്രമീകരണവും, ക്വാറന്റയിനിൽ കഴിയുന്നവരുടെ പരിരക്ഷയും തൃപ്തികരമായി നടക്കുന്നതായി യോഗം വിലയിരുത്തി. 

   കാറ്റിലും, മഴയിലും വൈദ്യുതി തടസ്സം ഉണ്ടാകുന്നത് കോവിഡ് കാലഘട്ടം കണക്കിലെടുത്ത് പരമാവധി വേഗത്തിൽ നന്നാക്കുന്നതിന് തീവ്രയത്നം നടത്തണമെന്ന് കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു. ഇലക്ട്രിക് ലൈനിൽ തടസ്സമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് മരങ്ങളുടെ ചില്ലകൾ വെട്ടുന്ന നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. 

   കോവിഡ് പ്രതിരോധത്തിനും, പ്രളയക്കെടുതി ദുരന്ത നിവാരണത്തിനും പോലീസ് വിഭാഗത്തിന്റെ കാര്യക്ഷമമായ നേതൃത്വവും, സഹകരണവും ഉറപ്പ് വരുത്തിയിട്ടുള്ളതായി പോലീസ് അധികൃതർ വ്യക്തമാക്കി. 

   കുടിവെള്ള വിതരണത്തിൽ തടസ്സം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. കടുത്തുരുത്തി കുടിവെള്ള പദ്ധതിയുടെ പൈപ്പ് വെള്ളം ആഴ്ചകളായി ലഭിക്കാത്ത പരാതി പരിഹരിക്കണമെന്ന്  മോൻസ് ജോസഫ്  നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കർശന നടപടി ഉണ്ടാകുമെന്ന് എം.എൽ.എ വ്യക്തമാക്കി. 

   പ്രകൃതിക്ഷോഭത്തിൽ വീടുകൾ തകർന്നവർക്കും, കൃഷി  നാശം സംഭവിച്ച കുടുംബാംഗങ്ങൾക്കും സർക്കാർ നൽകുന്ന നഷ്ടപരിഹാര തുക മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്താൽ ഉടനെ തന്നെ പ്രധമ പരിഗണനയോടെ വിതരണം ചെയ്യണമെന്ന് യോഗം അഭ്യർത്ഥിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കാനും തീരുമാനിച്ചു.  കോവിഡ് കാലഘട്ടത്തിൽ ജനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പരമാവധി വേഗത്തിൽ ദുരിതാശ്വാസ ധന  സഹായം ലഭ്യമാക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. 

   കടുത്തുരുത്തി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടത്തിയ ഓൺലൈൻ   സൂം കോൺഫറൻസിൽ  പാലാ ആർ.ഡി.ഒ ആന്റണി സ്കറിയ, തഹസിൽദാർമാരായ രഞ്ജിത്ത് ജോർജ്  (പാലാ - മീനച്ചിൽ ) ആർ. ഉഷ (വൈക്കം) എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ജോയി കല്ലുപുര (കടപ്ലാമറ്റം) ടി.കെ വാസുദേവൻ നായർ ( മുളക്കുളം) മിനി മത്തായി (കുറവിലങ്ങാട്) ജോണീസ് പി സ്‌റ്റീഫൻ (ഉഴവൂർ )  പി.ആർ സുഷമ്മ ( ഞീഴൂർ ) സണ്ണി പുതിയിടം (വെളിയന്നൂർ )  സൈനമ്മ ഷാജു ( കടുത്തുരുത്തി )  കോമളവല്ലി രവീന്ദ്രൻ (മാഞ്ഞൂർ )  നിർമ്മലാ ദിവാകരൻ ( മരങ്ങാട്ടുപള്ളി വൈസ് പ്രസിഡന്റ്) ബെന്നി ജേക്കബ് (കാണക്കാരി പഞ്ചായത്ത് സെക്രട്ടറി)  റ്റി. ജിജി (കിടങ്ങൂർ പബായത്ത് സെക്രട്ടറി) എന്നിവർ യോഗത്തിൽ സംസാരിച്ചു. വിവിധ വകുപ്പ് അധികൃതർ ഓരോ മേഖലയിലും നടപ്പാക്കാൻ കഴിയുന്ന പ്രധാന പ്രവർത്തനങ്ങളുടെ റിപ്പോർട്ടിംഗ് നടത്തി. 

   മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും, രോഗ പ്രതിരോധ നടപടികളും ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് ആവശ്യമായ വിലയിരുത്തലുകൾ എത്രയും പെട്ടെന്ന് നടത്തുമെന്ന് മോൻസ്  ജോസഫ് അറിയിച്ചു. 

Post a Comment

0 Comments