കടുത്തുരുത്തി: കരുത്തുറ്റ മനുഷ്യാവകാശ പ്രവർത്തകനും, ശക്തനായ മിഷിനറിയും ആയിരുന്ന ഫാ. സ്റ്റാൻ സ്വാമി കസ്റ്റഡിയിലിരിക്കെ മരിക്കാനിടയായ നിഷ്ഠൂര സംഭവത്തിൽ പ്രതിഷേധിച്ച് കൊണ്ട് കേരളാ കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ ഭരണാധികാര ഭീകരതയ്ക്കും, മനുഷ്യാവകാശ ലംഘന നടപടികൾക്കുമെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
ലോക മനസ്സാക്ഷിയെ ഞെട്ടിച്ച അധികൃത വഞ്ചനയുടെ രക്തസാക്ഷിത്വമാണ് ഫാ. സ്റ്റാൻ സ്വാമി ഏറ്റുവാങ്ങിയതെന്ന് മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു.
ദാരിദ്രത്തിൽ കഴിയുന്ന മനുഷ്യർക്കും, ആദിവാസി മേഖലയിലെ പാവങ്ങൾക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുകയും അധികാര കേന്ദ്രങ്ങളുടെ അനീതിക്കും, അഴിമതിക്കുമെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തുകയും ചെയ്ത ഫാ. സ്റ്റാൻ സ്വാമിയെ യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചതും യഥാസമയം ചികിത്സ നൽകാതിരുന്നതുമാണ് മരണത്തിലേക്ക് നയിച്ച സാഹചര്യമെന്ന് വ്യക്തമായിരിക്കുന്നു. ഗുരുതരമായ ഈ സ്ഥിതിവിശേഷം കണക്കിലെടുത്ത് ഫാ. സ്റ്റാൻ സ്വമിയുടെ മരണത്തിനിടയാക്കിയ സ്ഥിതി വിശേഷത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മോൻസ് ജോസഫ് അഭ്യർത്ഥിച്ചു.
കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം മാഞ്ഞൂർ മോഹൻകുമാർ അധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്‌റ്റീഫൻ പാറാവേലി, ഗ്രാമ പഞ്ചായത്ത് മെമ്പർ ലൈസമ്മ മുല്ലക്കര, ജോണി കണിവേലി, ജോസഫ് പൂച്ചക്കാല, വാസുദേവൻ നമ്പൂതിരി, അരുൺ മാത്യു പുഞ്ചയിൽ, ജോസ്മോൻ മാളിയേക്കൽ, ആൽബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.




0 Comments