Breaking...

9/recent/ticker-posts

Header Ads Widget

ഒമ്പതു മാസം; ജില്ലയിൽ ഹരിതകർമസേന നീക്കിയത് 252.56 ടൺ മാലിന്യം


കോട്ടയം ജില്ലയിൽ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്, കുപ്പിച്ചില്ല് അടക്കം ഒമ്പതു മാസത്തിനിടെ നീക്കം ചെയ്തത് 252.56 ടൺ മാലിന്യം. ഹരിതചട്ടം ജില്ലയിൽ കർശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ കൂടിയ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിലയിരുത്തൽ. 

പുനരുപയോഗിക്കാവുന്ന 52241 കിലോ പ്ലാസ്റ്റിക്, 176975 കിലോ മറ്റു മാലിന്യങ്ങൾ, 23345 കിലോ ഗ്ലാസ് എന്നിവയാണ് ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നീക്കം ചെയ്തതെന്ന് ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ് പറഞ്ഞു. ഹരിതകർമസേന വഴിയാണ് മാലിന്യം ശേഖരിക്കുന്നത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി 1935 ഹരിത കർമസേനാംഗങ്ങളാണ് പ്രവർത്തിക്കുന്നത്. അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ്മ സേനക്ക് യൂസർ ചാർജ് വാങ്ങുന്നതിന് അനുമതിയുണ്ട്. മാടപ്പള്ളി, വാകത്താനം, പുതുപ്പള്ളി, കുറിച്ചി എന്നി ഗ്രാമപഞ്ചായത്തുകളിൽ രണ്ടു ലക്ഷം രൂപയ്ക്കു മുകളിലാണ് ഇവരുടെ വരുമാനം. പനച്ചിക്കാട്, അയ്മനം, തൃക്കൊടിത്താനം, വാഴപ്പള്ളി, നെടുംകുന്നം, എരുമേലി, അകലക്കുന്നം, കടുത്തുരുത്തി, പാമ്പാടി, ഭരണങ്ങാനം, കറുകച്ചാൽ, വാഴൂർ, പായിപ്പാട് പഞ്ചായത്തുകളിൽ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനമുണ്ട്. സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിലായി ഹരിതകർമസേന 88.81 ലക്ഷം രൂപ വരുമാനം നേടി. ഗ്രാമപഞ്ചായത്തുകളിൽനിന്ന് 77.93 ലക്ഷവും നഗരസഭകളിൽനിന്ന് 10.87 ലക്ഷവുമാണ് വരുമാനം. 
നീക്കം ചെയ്യുന്ന വസ്തുക്കൾ ബന്ധപ്പെട്ട ഏജൻസികൾക്ക് സംസ്‌ക്കരണത്തിനായി കൈമാറുന്നതു വരെ സൂക്ഷിക്കുന്നതിന്  ജില്ലയിൽ 75 മാലിന്യശേഖര കേന്ദ്രങ്ങളും 1320 ചെറുകിട മാലിന്യശേഖര കേന്ദ്രങ്ങളും 16 റിസോഴ്‌സ് റിക്കവറി സംവിധാനവുമുണ്ട്.  

വീടുകളിലും ഓഫീസുകളിലും ഹരിതചട്ടം കർശനമാക്കും 

മാലിന്യമുക്ത കോട്ടയം എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ നടത്തി വരുന്ന ശുചിത്വ-മാലിന്യ നിർമ്മാർജ്ജ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും  ഓഫീസുകളിലും വീടുകളിലും ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ പറഞ്ഞു. വകുപ്പുമേധാവികളുടെ യോഗത്തിൽ ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കളക്ടർ വിശദീകരിച്ചു. 
ഇ- മാലിന്യം ഉൾപ്പെടെയുള്ളവ അജൈവ മാലിന്യങ്ങൾ  സുരക്ഷിതമായി നിർമാർജ്ജനം ചെയ്യുന്നതിനും ജൈവമാലിന്യ സംസ്‌ക്കരണത്തിനുമുള്ള സംവിധാനം വീടുകളിലും ഓഫീസുകളിലും സജ്ജമാക്കണം. ഇതിനായി ഓഫീസും വീടും സ്ഥിതിചെയ്യുന്ന തദ്ദേശസ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനയുമായി ബന്ധപ്പെട്ട് അജൈവ മാലിന്യനീക്കത്തിന് നടപടിയെടുക്കണം. യൂസർഫീസ് നൽകിയാണ് ഹരിതകർമസേനയ്ക്ക് അജൈവമാലിന്യം കൈമാറേണ്ടത്. തുക നൽകുന്നതു സംബന്ധിച്ച് തർക്കങ്ങൾക്കിടയാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കളക്ടർ പറഞ്ഞു. 

വരുന്നു, സ്മാർട്ട് ഗാർബേജ്  മോണിറ്ററിംഗ് സംവിധാനം

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളും പദ്ധതികളും ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സംവിധാനം നിലവിൽ വരുമെന്ന് കളക്ടർ പറഞ്ഞു. ആദ്യഘട്ടത്തിൽ ജില്ലയിലെ 27 ഗ്രാമപഞ്ചായത്തുകളിലും മുഴുവൻ നഗരസഭകളിലുമാണ് നടപ്പാക്കുക. കെൽട്രോണാണ് ഇതിനാവശ്യമായ സോഫ്റ്റ്‌വേർ തയാറാക്കിയത്. 

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ, പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, ഗ്രാമവികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ് കേരള കമ്പനി എന്നിവ ചേർന്നാണ്  ജില്ലയെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. 



Post a Comment

0 Comments