കാറിന്റെ ഡോറില്‍ തട്ടി മറിഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയും മകനും ബസ്സിനടിയില്‍ പെട്ടു. ബസ്സിനടിയില്‍ കുരുങ്ങിയ 14 കാരന്റെ ഇടതുകാലില്‍ ബസിന്റെ പിന്‍ ചക്രം കയറി ഗുരുതരമായി പരിക്കേറ്റു. ഏറ്റുമാനൂര്‍ പാറകണ്ടം ജംഗ്ഷന് സമീപം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. സമീപത്തെ ബാങ്കിലേയ്ക്ക് പോകാന്‍ കാറിലെത്തിയ ആള്‍ വാഹനത്തിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നതാണ് അപകടത്തിനിടയാക്കിയത്. ഡോറില്‍ തട്ടി അമ്മയും മകനും സ്വകാര്യ ബസിന് മുന്നിലേയ്ക്കാണ് വീണത്. ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്‌തെങ്കിലും സ്‌കൂട്ടര്‍ യാത്രികര്‍ അടിയില്‍ പെട്ടിരുന്നു. വന്‍ ദുരന്തം തലനാരിഴയ്ക്കാണ് വഴിമാറിയത്. അതിരമ്പുഴ സ്വദേശി തുരുത്തപ്പറമ്പില്‍ വിഷ്ണുകുമാറും ഏറ്റുമാനൂര്‍ സ്വദേശി വെളുത്തേടത്ത് നാസറും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
0 Comments