പുഴയോരത്തെ റോഡ് സൗന്ദര്യവത്കരണത്തിന് കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റുകള്‍. 'ഈ തീരം എത്ര സുന്ദരം എന്ന' പദ്ധതിയാണ് സെന്റ്‌മേരിസ് എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് നടപ്പാക്കുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മീനച്ചിലാറിന്റെ തീരത്തെ പുഴയോരം റോഡിന്റെ സൗന്ദര്യവല്‍ക്കരണത്തിന് നേതൃത്വം കൊടുക്കുകയാണ് എസ്.പി.സി കേഡറ്റുകള്‍. പാതയോരങ്ങള്‍ സംരക്ഷിച്ച് പ്രകൃതി സൗന്ദര്യം നിലനിര്‍ത്തി മനോഹര കാഴ്ചകള്‍ക്കും സായാഹ്ന കൂട്ടായ്മയ്ക്കും അവസരം ഒരുക്കുകയാണ് ഈ തീരം എത്ര സുന്ദരം പദ്ധതി ലക്ഷ്യമിടുന്നത്. സ്‌കൂളിലെ 88 കേഡറ്റുകളും, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജോമി ജെയിംസ്, സ്മിതാ കുമാരി തുടങ്ങിയവരും നേതൃത്വം നല്‍കുന്നു. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കിടങ്ങൂര്‍ സി.ഐ ബിജു എം.കെ യും വാര്‍ഡ് മെമ്പര്‍ രശ്മി രാജേഷും ചേര്‍ന്ന് നിര്‍വഹിച്ചു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്, ജനമൈത്രി പോലീസ് കിടങ്ങൂര്‍, പുഴയോരം റസിഡന്റ്‌സ് അസോസിയേഷന്‍, തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പൂര്‍ത്തീകരിക്കുക. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേഴ്സി കെ.ഒ, ജിതീഷ് പി.എസ്, സോജന്‍ കെ.സി, ടിനോ കുര്യന്‍, ബിനു ബേബി, ടിറ്റോ ഫിലിപ്പ്, ഷിനോ സ്റ്റീഫന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മീനച്ചിലാറിന്റെ തീരങ്ങള്‍ സംരക്ഷിക്കുന്നതിലേയ്ക്ക് ജനശ്രദ്ധ കൊണ്ടുവരുന്നതിനായി തീരസംരക്ഷണ റാലിയും നടത്തി. ഐ ആം ദി സോള്‍വര്‍ എന്ന ആശയത്തില്‍ അധിഷ്ഠിതമായ സമ്മര്‍ ക്യാമ്പില്‍ കുട്ടികള്‍ നിര്‍മ്മിച്ച വേസ്റ്റ് മെറ്റീരിയലുകള്‍ കൊണ്ടുള്ള കരകൗശല പ്രദര്‍ശനവും ശ്രദ്ധേയമായി. ഈ പദ്ധതി ജൂണ്‍ മാസത്തില്‍ പൂര്‍ത്തീകരിക്കും.





0 Comments