ആണ്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയ്ക്കായി മുറിച്ച തേക്കുമരത്തിന്റെ തൈലാധിവാസ ചടങ്ങ് നടന്നു. ശനിയാഴ്ച രാവിലെ തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്തിലാണ് തൈലാധിവാസം നടന്നത്. മേല്‍ശാന്തി ഏറത്തുരുത്തി ഇല്ലത്ത് മോഹനന്‍ നമ്പൂതിരി സഹകാര്‍മ്മികനായിരുന്നു. കലശപൂജയ്ക്കു ശേഷമാണ് എണ്ണത്തോണിയിലേക്ക് തന്ത്രി എണ്ണ പകര്‍ന്നത്. ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത എള്ളെണ്ണയാണ് തൈലാധി വാസത്തിനായി തയ്യാറാക്കിയിരുന്നത്. കര്‍ണ്ണാടകയില്‍ നിന്നും എത്തിച്ച എള്ള് ആട്ടിയെടുത്ത എണ്ണയില്‍ 32 ഇനം പച്ചമരുന്നുകള്‍ ചേര്‍ത്താണ് തൈലായി വാസത്തിനുള്ള ഔഷധ എണ്ണ തയ്യാറാക്കിയത്. കൊടിമര ശില്‍പി പത്തിയൂര്‍ വിനോദ് ബാബുവിന്റെ നേതൃത്വത്തിലാണ് ഔഷധ എണ്ണ തയ്യാറാക്കിയത്. തൈലാധിവാസ ത്തോടനുബന്ധിച്ച് വൈകീട്ട് നടന്ന ചടങ്ങില്‍ പ്രശസ്ത മേളവിദഗ്ധന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ മുഖ്യതിഥിയായിരുന്നു. എണ്ണത്തോണിയില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും എണ്ണ പകര്‍ന്നു. ആദരിക്കല്‍ ചടങ്ങും നടന്നു. കലാമണ്ഡലം പുരുഷോത്തമന്റെ പ്രമാണത്തില്‍ പഞ്ചാരിമേളവും അരങ്ങേറി. തേക്കുമരം ഒരു വര്‍ഷം എണ്ണത്തോണിയില്‍ സൂക്ഷിച്ച ശേഷം ധ്വജപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ദേവസ്വം പ്രസിഡന്റ് ലാല്‍ കൃഷ്ണന്‍, സെക്രട്ടറി വാസുദേവ ശര്‍മ, ധ്വജപ്രതിഷ്ഠാ സമിതി പ്രസിഡന്റ് ശ്രീകാന്ത് എസ്, സെക്രട്ടറി സി.കെ രാജേഷ്‌കുമാര്‍, ജനറല്‍ കണ്‍വീനര്‍ സനല്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.





0 Comments