അതിരമ്പുഴ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് പാനല്‍ 13 സീറ്റില്‍ 12 സീറ്റും നേടി. എല്‍ഡിഎഫ് പാനലില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി ജെയിംസ് കുര്യന്‍ മാത്രമാണ് വിജയിച്ചത്. യുഡിഎഫ് പാനലില്‍ നിന്നും വിജയിച്ചവരില്‍ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ബാങ്ക് പ്രസിഡന്‍ കെ.പി ദേവസ്യ തുടങ്ങിയവരും ഉള്‍പ്പെടുന്നു. വാശിയേറിയ മത്സരത്തില്‍ വിജയം നേടിയതിലുള്ള ആഹ്ലാദവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ അതിരമ്പുഴയില്‍ പ്രകടനം നടത്തി. പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയുമായി നടന്ന അതിരമ്പുഴ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുകയായിരുന്നു. അതിരമ്പുഴ സെന്റ് മേരിസ് പാരിഷ് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ പ്രതികൂല കാലാവസ്ഥയേയും, ജീവിത സാഹചര്യങ്ങളെയും അവഗണിച്ചാണ് സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുവാന്‍ എത്തിയത്. കേരള കോണ്‍ഗ്രസ്സുകളുടെ ശക്തി കേന്ദ്രമായ അതിരമ്പുഴയില്‍ ഭരണം നിലനിര്‍ത്താന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും, യുഡിഎഫും, എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് വിജയം കൊയ്യും എന്ന വാശിയില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സര രംഗത്തിറങ്ങിയപ്പോള്‍ ആം ആദ്മിയും ശക്തമായി രംഗത്തുണ്ടായിരുന്നു. പരാതി രഹിതമായ തിരഞ്ഞെടുപ്പിനായി കോടതി നിര്‍ദ്ദേശപ്രകാരം വലിയ പോലീസ് സന്നാഹവും പ്രത്യേക നിരീക്ഷകന്റെ മേല്‍നോട്ടവുമായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്.





0 Comments