Breaking...

9/recent/ticker-posts

Header Ads Widget

നവീകരിച്ച ഈരാറ്റുപേട്ട - വാഗമണ്‍ റോഡിന്റെ ഉദ്ഘാടനം ജൂണ്‍ ഏഴിന് നടക്കും.



ആധുനിക നിലവാരത്തില്‍ നവീകരിച്ച ഈരാറ്റുപേട്ട - വാഗമണ്‍ റോഡിന്റെ ഉദ്ഘാടനം ജൂണ്‍  ഏഴിന് നടക്കും. മന്ത്രി അഡ്വ പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. ബുധനാഴ്ച വൈകീട്ട് 4 ന്  ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍  സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായിരിക്കും. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ചടങ്ങിന് സ്വാഗതം ആശംസിക്കും.  വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന റോഡ് 20 കോടി രൂപ ചെലവിട്ടാണ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ റീ ടാറിങ് പൂര്‍ത്തിയാക്കിയത്. സൈഡ് കോണ്‍ക്രീറ്റിംഗ്, ഓട നിര്‍മ്മാണം, കലുങ്ക് നിര്‍മ്മാണം, സംരക്ഷണഭിത്തികള്‍  തുടങ്ങിയവ പൂര്‍ത്തീകരിച്ചു. കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടി,  റീടാര്‍ ചെയ്യുന്നതിന് 64 കോടി രൂപ കിഫ്ബി മുഖേനയും അനുവദിച്ചിട്ടുണ്ട്.   ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയ്ക്ക് ആയിരുന്നു നിര്‍മ്മാണ ചുമതല. 2021 ഫെബ്രുവരിയില്‍ പണി തുടങ്ങിയെങ്കിലും ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനി സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ടെന്‍ഡറില്‍ മുന്നിലെത്തിയ ഊരാളുങ്കലിന്  പ്രവൃത്തി കൈമാറിയത്. ആദ്യഘട്ടമായി തീക്കോയി മുതല്‍ വാഗമണ്‍ വരെയുള്ള ഭാഗത്ത് ഏറ്റവും മോശമായി കിടന്നിരുന്ന റോഡ് ഡബ്ല്യൂ.എം.എം.ജി.എസ്.ബി. ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍ നിര്‍മ്മിച്ചു. വാഗമണ്‍ വരെ ശേഷിക്കുന്ന ഭാഗത്ത്  ഒന്നാംഘട്ട ബി.എം ടാറിംഗും തുടര്‍ന്ന് രണ്ടാംഘട്ട ഉപരിതല ടാറിങ്ങും വേഗത്തില്‍ പൂര്‍ത്തീകരിച്ചു. വീതി കുറഞ്ഞതും മഴ വെള്ളപ്പാച്ചില്‍  റോഡ് തകരാന്‍ സാധ്യതയുള്ളതുമായ ഇടങ്ങളില്‍ റോഡിന് ഇരുവശങ്ങളിലും മറ്റിടങ്ങളില്‍ ഒരു വശത്തും ഉപരിതല ഓടകളുടെ  നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയുടെ പുനര്‍നിര്‍മ്മാണം, വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കലുങ്കുകളും ഓടുകളും പ്രവര്‍ത്തനക്ഷമമാക്കുന്നതിനാവശ്യമായ അറ്റകുറ്റപ്പണികളും, സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനാവശ്യമായ തെര്‍മോ പ്ലാസ്റ്റിക് റോഡ് മാര്‍ക്കിംഗ്, റോഡ് സ്റ്റഡ്‌സ് , ദിശാബോര്‍ഡുകള്‍, വിവിധ തരത്തിലുള്ള സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദമായ  വാഗമണ്ണിലേക്കുള്ള യാത്ര സുഗമമാക്കിക്കൊണ്ടാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.




Post a Comment

0 Comments