കശാപ്പുശാലയില്‍ നിന്നും ഇടഞ്ഞ് ഓടിയ കാളയുടെ അക്രമണത്തില്‍ 5 പേര്‍ക്ക് പരിക്ക്. കുറവിലങ്ങാട് തോട്ടുവായിലുള്ള അറവുശാലയില്‍ കശാപ്പിനായി കൊണ്ടുവന്ന കാളയാണ് ഇടഞ്ഞോടിയത്. കുറവിലങ്ങാട് പള്ളിക്കവലക്ക് സമീപം വച്ച് കാളയുടെ അക്രമണത്തില്‍ യാത്രക്കാരായ മൂന്ന് പേര്‍ക്കും, കാളയെ പിടിക്കാന്‍ എത്തിയ കശാപ്പുശാല ജീവനക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. രാവിലെ 11.45 ഓടെ ആയിരുന്നു കാളയുടെ അക്രമണം. കുറവിലങ്ങാട് കണ്ണംകുളം ജെയിസന്‍ മാത്യു, പിറവം കാക്കൂര്‍ കളരിക്കല്‍ ഔസേപ്പ് (80), കുറവിലങ്ങാട് കളത്തൂര്‍ വല്ലൂര്‍ തോമസ് എന്നിവര്‍ക്കും, കശാപ്പുശാലാ ജീവനക്കാരായ രണ്ടു പേര്‍ക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഔസേപ്പിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, മറ്റ് രണ്ട് പേരെ കുറവിലങ്ങാട്ടെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.രാവിലെ നാലു മണിയോടുകൂടി തോട്ടുവാ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന അറവുശാലയുടെ പരിസരത്തുനിന്നും കയര്‍ പൊട്ടിച്ച് ഓടിയ കാള കുര്യം ഭാഗത്ത് എത്തിയിരുന്നു. തുടര്‍ന്നാണ് കുറവിലങ്ങാട് ടൗണിലൂടെ ഓടിയ കാള പള്ളിക്കവല ഭാഗത്ത് എത്തി വഴി യാത്രക്കാരെ അക്രമിച്ചത്. വിവരം അറിഞ്ഞ് കുറവിലങ്ങാട് പോലീസും, ഫയര്‍ ഫോഴ്‌സ് സംഘവും എസ്.ആര്‍ ഷിജോയുടെ നേത്യത്വത്തില്‍ സന്നദ്ധസേവാ പ്രവര്‍ത്തകരും, നാട്ടുകാരും, കശാപ്പുശാലാ ജീവനക്കാരും സംഭവ സ്ഥലത്ത് എത്തി കാളയെ വടം ഉപയോഗിച്ച് കുരുക്കിട്ട് കീഴ്‌പെടുത്തുകയായിരുന്നു.





0 Comments