ഇരു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റക്കര അകലക്കുന്ന് ഭാഗത്ത് പുലിത്തിട്ടാതകിടിയില്‍ രാജേഷ് പി.കെ (39), പൂവരണി കിഴതടിയൂര്‍ ഭാഗത്ത് പടിഞ്ഞാറെ മുറിയില്‍ അക്കു എന്നുവിളിക്കുന്ന ജിതിന്‍ (34), ളാലം കരൂര്‍ ഭാഗത്ത് പുത്തന്‍പുരയ്ക്കല്‍ അഭിലാഷ് ഷാജി (33), ളാലം പോണാട് ഭാഗത്ത് പരുമല ജോജി ജോര്‍ജ് (33) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. 6-ാം തീയതി വൈകിട്ടോടുകൂടി പാലാ രാജധാനി ബാറിന് സമീപമുള്ള റിവര്‍ വ്യൂ റോഡില്‍ വച്ച് ബൈക്കില്‍ എത്തിയ ഇവര്‍ മീനച്ചില്‍ സ്വദേശിയായ യുവാവിനെ ബിയര്‍ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവര്‍ ആക്രമിച്ചു. ഇവര്‍ തമ്മില്‍ മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജോജി ജോര്‍ജ്, ജിതിന്‍ എന്നിവര്‍ക്ക് കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.പി ടോംസണ്‍ , എസ്.ഐ മാരായ ബിനു വി.എല്‍, സിബിമോന്‍, എ.എസ്.ഐ മാരായ ബിജു കെ തോമസ്,സുഭാഷ് വാസു, സ്വപ്ന കണാരന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.





0 Comments