പാലാ മൂന്നാനിയില്‍ നിയമങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച ഇന്‍ഡസ് സര്‍വ്വീസ് സ്റ്റേഷനും വര്‍ക്ക്‌ഷോപ്പിനും നല്‍കിയ അനുമതി നഗരസഭ റദ്ദു ചെയ്ത് തുടര്‍ നിര്‍മ്മാണം തടയണമെന്ന്- യു ഡി എഫ് കണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. നിയമങ്ങള്‍ പാലിക്കാതെ ഇന്‍ഡസ് മോട്ടോര്‍ കമ്പനിക്ക് സര്‍വ്വീസ് സ്റ്റേഷന്‍ തുടങ്ങുന്നതിന് അനുമതി നല്‍കിയ നഗരസഭ അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയുടെ ഓഫീസ് പടിക്കല്‍ പ്രതിഷേധ സമരം നടത്തി. പ്രതി പക്ഷനേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി കൗണ്‍സിലര്‍മാരായ ജോസ് എടേട്ട്, പ്രിന്‍സ് വി സി ആനി ബിജോയി, സിജി ടോണി, ലിസിക്കുട്ടി മാത്യു, ലിജി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. പാലാ നഗരസഭ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം മോട്ടോര്‍ കമ്പനിയുടെ സര്‍വ്വീസ് സ്റ്റേഷനും വര്‍ക്ക്‌ഷോപ്പും സ്ഥിതി ചെയ്യുന്നത് റസിഡന്‍ഷ്യല്‍ സോണ്‍ ഏരിയായിലാണ്. ഇവിടെ ഇന്‍ഡസ്ട്രിയല്‍ ബില്‍ഡിംഗ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് അനുവദനീയമല്ല. മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ റൂള്‍ 17 അനുസരിച്ച് ജീവനോ സ്വത്തിനോ ആരോഗ്യത്തിനോ ഹാനികരമെങ്കില്‍ അനുവദിച്ച ഏതൊരും പെര്‍മിറ്റും നഗരസഭ സെക്രട്ടറിക്ക് റദ്ദു ചെയ്യാം. വര്‍ക്ക്‌ഷോപ്പ് നിര്‍മ്മിച്ചിരിക്കുന്നത് വെള്ളപ്പൊക്ക ഭീക്ഷണിയുള്ള ഹൈറിസ്‌ക് പ്രദ്ദേശമായ മൂന്നാനിയിലാണ്. ഓയില്‍, ഗ്രീസ്, പെട്രോള്‍, ഡീസല്‍,, മറ്റ് രാസപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ മണ്ണില്‍ ചേര്‍ന്ന് കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കുകയും അതുവഴി മൂന്നാനിയിലെ ജനങ്ങളുടെ ജീവനെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യും. ഓട്ടോമൊബൈല്‍ സര്‍വ്വീസ് സ്റ്റേഷനും വര്‍ക്ക്‌ഷോപ്പിനും നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റും ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റും റദ്ദ് ചെയ്യണമെന്നും ലൈസന്‍സിനായി കമ്പനി നല്‍കിയ അപേക്ഷ നിരസിക്കണമെന്നും അല്ലാത്തപക്ഷം യു ഡി എഫിന്റെ നേതൃത്വത്തില്‍ മൂന്നാനിയിലെ ജനങ്ങള്‍ക്കു വേണ്ടി വമ്പിച്ച ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രൊഫ.സതീശ് ചൊള്ളാനിഅറിയിച്ചു.





0 Comments