ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്നുവന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. സപ്താഹ യജ്ഞത്തില്‍ കുറുവല്ലൂര്‍ ഹരി നമ്പൂതിരി മുഖ്യ യജ്ഞാചാര്യനും, പുരളിപ്പുറം കൃഷ്ണന്‍ നമ്പൂതിരി, കെ.ആര്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ സഹ ആചാര്യന്മാരും ആയിരുന്നു. യജ്ഞ സമര്‍പ്പണത്തോടനുബന്ധിച്ച് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ബാംഗ്ലൂര്‍ സ്വദേശി എസ് രാജേഷ് ആണ് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം വഴിപാടായി സമര്‍പ്പിച്ചത്. പ്രാരാബ്ധങ്ങളില്‍ പെട്ടു വലയുന്ന സാധാരണ മനുഷ്യന് പുണ്യം ലഭിക്കുവാന്‍ ഭാഗവതശ്രവണത്തേക്കാള്‍ മഹത്തരമായ മറ്റൊന്നില്ലെന്ന് യജ്ഞാചാര്യന്‍ പറഞ്ഞു. ഏഴ് ദിനങ്ങള്‍ നീണ്ടുനിന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ സമര്‍പ്പണ ദിനമായ ശനിയാഴ്ച സ്വര്‍ഗ്ഗാരോഹണം, കല്‍ക്കി അവതാരം, പരീക്ഷിത്തിന്റെ മുക്തി, മാര്‍ക്കണ്ഡേയ ചരിതം, ഭാഗവത സംഗ്രഹം, എന്നിവ പാരായണം ചെയ്തു. സമര്‍പ്പണ ചടങ്ങുകളോടനുബന്ധിച്ച് എസ് രാജേഷ്, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ എന്നിവരെ ആദരിച്ചു. ഭാഗവത സപ്താഹ യജ്ഞത്തിന്റെ മുഖ്യ സംയോജകയായിരുന്ന പ്രൊഫസര്‍ സരിത എസ് അയ്യര്‍ നന്ദി പ്രകാശനം നടത്തി.





0 Comments