പൊക്കം കുറഞ്ഞവരുടെ ഫുട്‌ബോള്‍ മത്സരം അതിരമ്പുഴയില്‍ ആവേശക്കാഴ്ചയായി. യെന്‍സ് ടൈംസാണ് യെന്‍സിയന്‍ 2K23 കപ്പിനായുള്ള പൊക്കം കുറഞ്ഞവരുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. അത്ഭുത ദീപ് സിനിമയില്‍ വേഷമിട്ടവര്‍ ഉള്‍പ്പെടെ പൊക്കം കുറഞ്ഞവര്‍ അംഗങ്ങളായ ഇന്ത്യയിലെ ഏക സ്‌പോര്‍ട്‌സ് ക്ലബായ ലിറ്റില്‍ പീപ്പിള്‍സ് സ്‌പോര്‍ട്‌സ് ക്ലബിലെ താരങ്ങള്‍ മത്സരത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗങ്ങളുടെ ടീമുമായും അതിരമ്പുഴ പള്ളിയുടെ ടീമുമായും ഇവര്‍ ഏറ്റുമുട്ടി. ഉയരം കൂടിയവരെ നേരിടുന്ന ഉയരം കുറഞ്ഞവരുടെ കായികതന്ത്രങ്ങള്‍ കാണാന്‍ നിരവധിയാളുകളാണ് അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌ക്കൂള്‍ ഗ്രൗണ്ടിലെത്തിയത്. ആദ്യ മത്സരത്തില്‍ അതിരമ്പുഴ പള്ളിയുടെ ടീമായ - സ്റ്റാര്‍ ബ്രോസ് ലിറ്റില്‍ പീപ്പിള്‍സ് സ്‌പോര്‍ട്‌സ് ക്ലബ് എ ടീ മിനെ 2 നെതിരെ 5 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.രണ്ടാമത്തെ മത്സരത്തില്‍ ലിറ്റില്‍ പീപ്പിള്‍സ് സ്‌പോര്‍ട്‌സ് ക്ലബിലെ താരങ്ങള്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗങ്ങളുടെ ടീമിനെ 2-1 ന് പരാജയപ്പെടുത്തി. തുടര്‍ന്ന് വിജയികള്‍ തമ്മില്‍ നടന്ന ഫൈനലില്‍ 3 -1 ന് സ്റ്റാര്‍ ബ്രോസ് യെന്‍സിയന്‍ 2K23 കപ്പ് നേടി. മത്സരം അതിരമ്പുഴ പള്ളി വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തില്‍ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ അദ്ധ്യക്ഷനായിരിന്നു. പ്രശസ്ത സിനിമാ താരം ഗിന്നസ് പക്രു വിശിഷ്ട അതിഥിയായി പങ്കെടുത്തു.കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.ജയപ്രകാശ് കെ.പി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കുര്യന്‍, ഗ്രാമപഞ്ചായത്തംഗം ജോസ് അമ്പലകുളം, ഷൈജു തെക്കുംചേരി, യെന്‍സ് ടൈംസ് എം.ഡി നൈബിന്‍ കുന്നേല്‍ ജോസ് ,ലിറ്റില്‍ പീപ്പിള്‍സ് സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപകന്‍ റാഷിദ് ബിന്‍ ഖാലിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments