അതിദരിദ്രരില്ലാത്ത സംസ്ഥാനമായി 2025 നവംബര്‍ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കുമെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മണിമല ഗ്രാമപഞ്ചായത്തില്‍ 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കൗണ്‍സില്‍ ഹാളിന്റെ ഉദ്ഘാടനവും പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ പ്രകാശനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പുതിയ പാലങ്ങളും കെട്ടിടങ്ങളും ഉണ്ടാക്കുന്നത് മാത്രമല്ല വികസനം. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ കൂടി നിറവേറ്റുന്നതാണ്. അതു നേടിക്കൊടുക്കാന്‍ സര്‍ക്കാരിന്റെ കൂടെ നിന്നു പ്രവര്‍ത്തിക്കുന്നവരാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെന്നും മന്ത്രി പറഞ്ഞു. 4.90 ലക്ഷം രൂപ ചെലവഴിച്ച് മണിമല ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനയ്ക്ക് വാങ്ങിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന യോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി. സൈമണ്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ലിറ്റി മാത്യു, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡംഗം ഡോ. കെ. സതീഷ് കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അതുല്യ ദാസ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജയശ്രീ ഗോപിദാസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ റോസമ്മ ജോണ്‍, സുനി വര്‍ഗീസ്, മോളി മൈക്കിള്‍, പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments