സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയയാളെ പോലീസ് പിടികൂടി. കടുത്തുരുത്തി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് വെള്ളൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ മേവെള്ളൂര്‍ ഓലിക്കരയില്‍ S മനോജ് കുമാറിനെയാണ് വെള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി വെള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് പിടിയിലായ മനോജ് കുമാര്‍. 2023 ഓഗസ്റ്റില്‍ സ്വര്‍ണം ആണെന്ന് വിശ്വസിപ്പിച്ച് 48 ഗ്രാം വരുന്ന ആറ് വളകള്‍ പണയം വെച്ച് 185000 രൂപയും, 2023 നവംബറില്‍ 16 ഗ്രാം തൂക്കം വരുന്ന രണ്ട് വളകള്‍ പണയം വെച്ച് 63000 രൂപയും ഇയാള്‍ എടുത്തു. രണ്ട് തവണയായി 8 പവന്റെ മുക്കുപണ്ടം വെച്ച് നടത്തിയ തട്ടിപ്പില്‍ 248000 രൂപയാണ് ബാങ്കിനെ കബളിപ്പിച്ച് കൈക്കലാക്കിയത്. ബാങ്കിന് പലിശയടക്കം 269665 രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ബാങ്കിന്റെ പഴയ അപ്രൈസര്‍ക്ക് പകരം എത്തിയ പുതിയ അപ്രൈസര്‍ കഴിഞ്ഞ ദിവസം ബാങ്കിലെ സ്വര്‍ണം പരിശോധിക്കുന്നതിനിടെ മനോജ് പണയംവച്ച സ്വര്‍ണ്ണം മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ വെള്ളൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, പോലീസ് നടത്തിയ തെരച്ചിലില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. ബിജെപി നേതാക്കളുമായി ബന്ധമുള്ള ഇയാള്‍ സമാനമായ തട്ടിപ്പുകള്‍ വേറെയും നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.





0 Comments