സ്വാഭാവിക റബ്ബറിന്റെ വില തകര്‍ച്ച തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോക്‌സഭയില്‍ അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. ആവശ്യപ്പെട്ടു.
ശൂന്യവേളയലാണ് MP പ്രശ്‌നം ഉന്നയിച്ചത്. രാജ്യത്തെ 80 ശതമാനത്തോളം റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തില്‍ അഞ്ചര ലക്ഷത്തിലേറെ ഹെക്ടര്‍ സ്ഥലത്താണ് റബ്ബര്‍ ഉല്‍പ്പാദനം നടക്കുന്നത്. എട്ട് ലക്ഷത്തോളം വരുന്ന ചെറുകിട കര്‍ഷകര്‍ ആണ് റബ്ബര്‍ കൃഷി ചെയ്യുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ 245 രൂപയോളം വില ഉണ്ടായിരുന്ന റബ്ബര്‍ പിന്നീട് താഴ്ന്ന് 174 രൂപ വരെ എത്തി.
ഇത് വലിയ പ്രതിസന്ധിയാണ് കര്‍ഷകര്‍ക്കും കേരളത്തിന്റെ സാമ്പത്തിക അവസ്ഥയ്ക്കും ഉണ്ടാക്കിയിട്ടുള്ളതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഈ പ്രശ്‌നത്തിന് ആക്കം കൂട്ടുന്ന വിധത്തിലാണ് കോബൗണ്ട് റബ്ബറിന്റെ ഇറക്കുമതി ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും നടന്നു കൊണ്ടിരിക്കുന്നത്. കുറഞ്ഞ നികുതിക്ക് കോമ്പൗണ്ട് റബ്ബര്‍ വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. അതോടൊപ്പം തന്നെയാണ് വന്‍കിട ടയര്‍ നിര്‍മ്മാണ കമ്പനികള്‍ വില ഇടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി പറയപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ വില സ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ലന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണം. വില തകര്‍ച്ചക്ക് ടയര്‍ കമ്പനികള്‍ ആസൂത്രിതമായി വില തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നുള്ളത് പരിശോധിക്കുകയും അത് തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.

കോമ്പൗണ്ട് റബ്ബറിന്റെ നികുതി ഏറ്റവും കുറഞ്ഞത് 70 ശതമാനം ആയെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നും കര്‍ഷകര്‍ക്ക് പ്രത്യേകമായ ആശ്വാസ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖാപിക്കണം എന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. റബ്ബര്‍ ബോര്‍ഡ് മുന്‍കൈ എടുത്ത് വില സ്ഥിരത പദ്ധതി സംസ്ഥാന ഗവണ്‍മെന്റുമായി ചേര്‍ന്ന് നടപ്പാക്കാന്‍ ഉള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം. കര്‍ഷകര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ റബ്ബര്‍ അധിഷ്ഠിതമായ മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ സഹായം അനുവദിക്കണം. റബ്ബറിനെ മിനിമം താങ്ങുവിലയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം. പുതുക്കിയ കാലാവസ്ഥ അനുസൃത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ റബറിനെ ഉള്‍പ്പെടുത്താന്‍ നടപടി ആരംഭിക്കണം. പുനകൃഷിക്കുള്ള സബ്‌സിഡി ഒരു ഹെക്ടറിന് ഏറ്റവും ചുരുങ്ങിയത് 1 ലക്ഷം രൂപയായി ഉയര്‍ത്തണം. റബ്ബര്‍ വില സ്ഥിരതാ ഫണ്ട് ദേശീയ തലത്തില്‍ രൂപീകരിക്കണം. ഏറ്റവും ചുരുങ്ങിയ ഇറക്കുമതി വില റബ്ബറിന് പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ക്രബ് റബ്ബര്‍ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ തടയണം. റബ്ബര്‍ ബിറ്റുമിന്‍ ഉല്‍പ്പാദിപ്പിച്ച് ദേശീയ തലത്തില്‍ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മേക്ക് ഇന്ത്യ കാമ്പയിനില്‍ റബ്ബറിനെ ഉള്‍പ്പെടുത്തണം. നികുതി രഹിതമായി സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്ത് പുതിയ ഉല്‍പ്പനങ്ങള്‍ ആക്കി മാറ്റി കയറ്റുമതി ചെയ്യുന്നവര്‍ക്ക് നല്‍കുന്ന അഡ്വാന്‍സ് ലൈസന്‍സ് കാലാവധി 6 മാസം എന്നത് വര്‍ദ്ധിപ്പിക്കരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
0 Comments