68-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 5 മെഡലുകള്‍ നേടി പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികച്ച നേട്ടം കൈവരിച്ചു. 3 സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി സ്‌കൂളിന് അഭിമാനമായി മാറിയ കായിക പ്രതിഭകളെ സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആദരിച്ചു. ഉത്തര്‍ പ്രദേശില്‍ നടന്ന ദേശീയ സ്‌കൂള്‍ കായിക മേളയില്‍ വിജയം കൈവരിച്ച പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക താരങ്ങളായ മിലന്‍ സാബു ,കെവിന്‍ ജിനു ,സാബിന്‍ ജോര്‍ജ്, എന്നിവരെയും നാഷണല്‍ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച റോസ് മരിയ ബേബി, അര്‍ജുന്‍ എം. പട്ടേരില്‍ എന്നീ വിദ്യാര്‍ത്ഥികളെയുമാണ് ആദരിച്ചത്.

68-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 5 മെഡലുകള്‍ നേടിയ കേരളത്തിലെ ഏക സ്‌കൂളാണ് പാലാ സെന്റ് തോമസ്. അനുമോദന യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഡോക്ടര്‍ ജോസ് കാക്കല്ലില്‍ അധ്യക്ഷനായിരുന്നു. പാലാ ഇന്റര്‍നാഷണല്‍ ജിം മാനേജിങ് ഡയറക്ടര്‍ ബേബി പ്ലാക്കൂട്ടം മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സ്‌കൂള്‍ ഗെയിംസ് ജേതാക്കള്‍ക്ക് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നല്‍കുന്ന പതിനായിരം രൂപ വീതമുള്ള ക്യാഷ് അവാര്‍ഡും മെഡലുകളും പാലാ മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ സമ്മാനിച്ചു. പരിശീലകരായ സൗമി സിറിയക്, കെ.പി സതീഷ് കുമാര്‍, ഡോ. തങ്കച്ചന്‍ മാത്യു, ഡോ. ബോബന്‍ ഫ്രാന്‍സിസ് എന്നിവരെയും പ്രത്യേകം ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ.മാത്യു, ഹെഡ്മാസ്റ്റര്‍ റവ.ഫാ. റെജി തെങ്ങുംപള്ളില്‍, PTA പ്രസിഡന്റ് വി.എം തോമസ്, കായികാധ്യാപകന്‍ ഡോ. ബോബന്‍ ഫ്രാന്‍സിസ്, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ആഷ്‌ലിന്‍ മരിയ എന്നിവര്‍പ്രസംഗിച്ചു.
0 Comments