ശബരിമല സന്നിധാനത്തെത്തുന്ന തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായല്‍ ആശ്വാസമാകുന്നത് സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയാണ് . ഹൃദ്രോഗത്തിനടക്കം സൗജന്യചികിത്സ ലഭ്യമാക്കുന്ന നിലയില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ദിവസം ശരാശരി ആയിരത്തിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നുണ്ട്. ഒരേ സമയം പത്തു ഡോക്ടര്‍മാരുടെ സേവനമാണ് ഇവിടെ ലഭിക്കുന്നത്. കാര്‍ഡിയോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, സര്‍ജന്‍, പള്‍മനോളജിസ്റ്റ്, ഫിസിഷ്യന്‍, ഓര്‍ത്തോ, അനസ്തീഷ്യ, ജനറല്‍ ഡോക്ടര്‍മാരുടെ സേവനമുണ്ട്. 29 പാരാമെഡിക്കല്‍ ജീവനക്കാരാണ് ജോലിയിലുള്ളത്.
ആറു കിടക്കകളുള്ള തീവ്രപരിചരണ വിഭാഗവും ആറു കിടക്കകളുള്ള നിരീക്ഷണ വാര്‍ഡുമുണ്ട്. ചെറിയ ശസ്ത്രക്രിയകള്‍ നടത്താനുള്ള തിയറ്ററും സജ്ജമാണ്. നഴ്സിന്റെ സേവനം ലഭ്യമാകുന്ന ആംബുലന്‍സും ആശുപത്രിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഹൃദയാഘാതമുണ്ടായാല്‍ ചികിത്സനല്‍കാനുള്ള സൗകര്യവും പാമ്പുകടിയേറ്റവര്‍ക്കു നല്‍കാനുള്ള ആന്റീവെനവും ആശുപത്രിയിലുണ്ട്. ആരോഗ്യപരമായ ഏത് അടിയന്തരസാഹചര്യത്തെയും നേരിടാന്‍ ആശുപത്രി സജ്ജമാണെന്നും 24 മണിക്കൂറും സേവനം ലഭ്യമാണെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. അനീഷ് കെ. സോമന്‍ പറഞ്ഞു. പനി, ശരീരവേദന, പേശികള്‍ക്ക് വേദന എന്നീ അസുഖങ്ങള്‍ക്ക് ചികിത്സതേടിയാണ് കൂടുതല്‍ പേര്‍ എത്തുന്നത്. നീലിമലയിലും അപ്പാച്ചിമേടിലുമാണ് കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. നാലു ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്. പമ്പയിലും നിലയ്ക്കലിലും ചരല്‍മേടിലും ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


.jpg)



0 Comments