ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ജോര്‍ജിനെതിരായ സമാനമായ കേസിലെ ജാമ്യവ്യവസ്ഥയുടെ ലംഘനമാണ് നടന്നിരിക്കുന്നത് എന്ന നിരീക്ഷണത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജിനെതിരെ നിലവിലുള്ള രണ്ട് കേസുകളിലെ ജാമ്യ വ്യവസ്ഥയില്‍ സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുത് എന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ് പിസി ജോര്‍ജ് വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തിയിരിക്കുന്നതെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കോട്ടയം ജില്ല അഡിഷണല്‍ സെഷന്‍സ് കോടതി നിരീക്ഷിച്ചു.
പി.സി ജോര്‍ജിന്റെ ഭാഗത്തുനിന്നും ആവര്‍ത്തിച്ച് വിദ്വേഷ പരാമര്‍ശം ഉണ്ടാകുന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതും കോടതി അംഗീകരിച്ചു. ദീര്‍ഘകാലം ജനപ്രതിനിധിയായിരുന്ന ഒരു വ്യക്തിയുടെ ഭാഗത്തുനിന്നാണ് ഇത്തരം വിദ്വേഷപരാമര്‍ശം ഉണ്ടായിരിക്കുന്നതെന്ന വാദവും കോടതി ശരിവച്ചു. ഇതേ തുടര്‍ന്ന് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ സിറിള്‍ തോമസ് പറഞ്ഞു. ജനുവരി 6ന് ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം സമുദായത്തിനെതിരായ പിസി ജോര്‍ജിന്റെ പരാമര്‍ശമാണ് കേസിന് ആധാരം. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ യൂത്ത് ലീഗിന്റെ പരാതിയില്‍ ഈരാറ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്പി സിജോര്‍ജ്.
0 Comments