ഭരണഘടനയിലൂടെ കോണ്‍ഗ്രസ് സൃഷ്ടിച്ച മതേതര മൂല്യങ്ങളെ തകര്‍ക്കാനാണ് BJP ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA. ഗാന്ധിയും നെഹ്‌റുവും ഉയര്‍ത്തിപ്പിടിച്ച മൂവര്‍ണ്ണക്കൊടി കൈയിലേന്തി സന്യസ്തരുടെ സംരക്ഷണത്തിനായി കോണ്‍ഗ്രസ് പോരാടുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പോരാടുമെന്നും എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില്‍ മിഷനറി സിസ്റ്റര്‍മാരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ഭരണഘടനാവിരുദ്ധമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങളും മൗലികാവകാശങ്ങളും നിഷേധിക്കുകയും ചവിട്ടി മെതിക്കുകയും ചെയ്ത ബിജെപി സര്‍ക്കാരിന്റെ നടപടി ലജ്ജാകരമാണെന്നും മതേതര ഭാരതത്തിന് ഏറ്റവും നല്ല സംഭാവനങ്ങള്‍ നല്‍കിയിട്ടുള്ള മിഷനറി സഹോദരിമാരെ ചവിട്ടിമെതിക്കാന്‍ സംഘപരിവാറിനെ കോണ്‍ഗ്രസ് അനുവദിക്കുകയില്ല എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ടോമി കല്ലാനി, തോമസ് കല്ലാടന്‍, പ്രൊഫ.സതീശ് ചൊള്ളാനി ,സാബു എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments